ട്രെയിന്‍ കടന്നു പോകുന്നതിനിടെ, കാര്‍ അടച്ചിട്ട റെയില്‍വെ ഗേറ്റ് കാര്‍ ഇടിച്ച് തകര്‍ത്തു; ഇരുമ്പ് ഗേറ്റ് വളഞ്ഞൊടിഞ്ഞു, വന്‍ ദുരന്തം വഴിമാറിയത് തലനാരിഴയ്ക്ക്

കുറുപ്പന്തറ റെയില്‍വെ ഗേറ്റില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറോടെയാണ് അപകടം.

കടുത്തുരുത്തി: ട്രെയിന്‍ കടന്ന് പോകുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ റെയില്‍വെ ഗേറ്റ് ഇടിച്ചു തകര്‍ത്തു. വന്‍ ദുരന്തം തലനാരിഴയ്ക്കാണ് വഴിമാറിയത്. യാത്രക്കാരായ അമ്മയും മകനും പരുക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തെ തുടര്‍ന്ന് കുറുപ്പന്തറ കല്ലറ വെച്ചൂര്‍ റോഡില്‍ എട്ടര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.

കുറുപ്പന്തറ റെയില്‍വെ ഗേറ്റില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെ ആറോടെയാണ് അപകടം. പാലായില്‍ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്. എറണാകുളത്തു നിന്നു തിരുവനന്തപുരത്തേക്കു വഞ്ചിനാട് എക്‌സ്പ്രസ് കടന്നു പോകുമ്പോഴായിരുന്നു ഞെട്ടിപ്പിക്കുന്ന അപകടം. ഇടിയുടെ ആഘാതത്തില്‍ ഇരുമ്പ് ഗേറ്റ് വളഞ്ഞൊടിഞ്ഞു. കാറിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു.

ഇതോടെ ഗേറ്റും തുറക്കാന്‍ കഴിയാതെ വന്നു. മണിക്കൂറുകളോളം ഗതാഗതവും തടസ്സപ്പെട്ടു. ബസുകള്‍ മുട്ടുചിറ വഴിയും കുറുപ്പന്തറ സസ്യ മാര്‍ക്കറ്റ് വഴിയും തിരിച്ചു വിട്ടു. അറ്റകുറ്റപ്പണി നടത്തി ഉച്ചയ്ക്കു രണ്ടരയോടെ ഗതാഗതം പുനഃസ്ഥാപിച്ചു. സംഭവത്തില്‍ വാഹന ഉടമയ്‌ക്കെതിരെ റെയില്‍വെ സുരക്ഷാസേന കേസെടുത്തു.

Exit mobile version