മൂവാറ്റുപുഴ: സഹപ്രവർത്തകർക്ക് എതിരായ ആരോപണങ്ങൾ കുറിപ്പിലെഴുതിവെച്ച് കളമശ്ശേരി എആർ ക്യാമ്പിലെ പോലീസ് ഡ്രൈവർ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ. മൂവാറ്റുപുഴ വാളകം റാക്കാട് നാന്തോട് ശക്തിപുരം മുരിങ്ങോത്തിൽ വീട്ടിൽ ജോബി ഡി ദാസ് (48) ആണ് മരിച്ചത്. തന്റെ മരണത്തിനുത്തരവാദി സഹപ്രവർത്തകരുടെ മാനസിക പീഡനമാണെന്ന് വിവരിക്കുന്ന കുറിപ്പും സമീപത്ത് നിന്ന് കണ്ടെത്തി.
പഴയ ഡയറി കടലാസിൽ ചുവന്ന മഷി കൊണ്ടാണ് കുറിപ്പെഴുതിയിരിക്കുന്നത്. ഇതിൽ നാല് പോലീസ് ഉദ്യോഗസ്ഥരുടെ പേര് കൃത്യമായി പരാമർശിക്കുന്നുമുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ സ്ഥലത്തെത്തിയ മൂവാറ്റുപുഴ പോലീസാണ് ജോബി വീട്ടിനുള്ളിൽ തൂങ്ങിനിൽക്കുന്നത് കാണുന്നത്.
ഉടനെ തന്നെ ജോബിയെ താഴെയിറക്കി മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. താൻ മരിക്കാൻ പോകുന്നു എന്നു കാണിച്ച് പോലീസ് ഡ്രൈവർമാരുടെ വാട്സാപ്പ് ഗ്രൂപ്പിൽ സന്ദേശമയച്ചിരുന്നു. ഇതു കണ്ടാണ് പോലീസ് സ്ഥലത്തെത്തിയത്. വീട്ടിൽ ആരുമില്ലാതിരുന്ന സമയത്തായിരുന്നു ദാരുണസംഭവം.
സ്വകാര്യ വിദ്യാലയത്തിലെ അധ്യാപികയാണ് ഭാര്യ, മക്കൾ വിദ്യാർഥികളാണ്. ഇവർ വീട്ടിലില്ലാത്ത സമയത്താണ് ജോബി ജീവനൊടുക്കിയത്. രണ്ട് വർഷം മുൻപ് ജോബി മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്നു.
താൻ കുറച്ചുനാളായി കടുത്ത മാനസിക സമ്മർദത്തിലാണെന്നു പറഞ്ഞ് തുടങ്ങുന്ന കത്തിൽ സഹപ്രവർത്തകരായ നാല് പോലീസ് ഉദ്യോഗസ്ഥരുടെ പേര് പരാമർശിച്ചിട്ടുണ്ട്. ഇതിൽ രണ്ടുപേർ ചേർന്ന് ഒരു കാരണവുമില്ലാതെ തന്റെ 12 ഇൻക്രിമെന്റുകൾ മനപ്പൂർവം കളഞ്ഞുവെന്നും ഇവർ തന്റെ മൃതദേഹം പോലും കാണാൻ വരരുതെന്നും പറയുന്നുണ്ട്.
കൂടാതെ, വലിയ കൊള്ളക്കാരുടെയും പിടിച്ചു പറിക്കാരുടെയും ഒറ്റ ഇൻക്രിമെന്റ് പോലും പോയിട്ടില്ല. മദ്യപിച്ചതിനോ കൈക്കൂലി വാങ്ങിയതിനോ അല്ല എന്റെ ഇൻക്രിമെന്റ് പോയതെന്നും തനിക്കിനി ജീവിക്കാൻ താത്പര്യമില്ലെന്നും ജോബി പറയുന്നുണ്ട്.
ഭാര്യയുടേയും മക്കളുടേയും പേരെടുത്ത് പരാമർശിച്ചിരിക്കുന്ന കത്തിൽ മക്കളോട് നന്നായി പഠിക്കണമെന്നും പോലീസിലല്ലാതെ മറ്റേതെങ്കിലും ജോലി നേടിയെടുക്കണമെന്നും പറയുന്നു. വേദനിക്കരുതെന്നും അമ്മയെ നോക്കണമെന്നും കത്തിൽ പറയുന്നു.
കത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. ഭാര്യ: അശ്വതി. മക്കൾ: അദ്വൈത്, അശ്വത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വ്യാഴാഴ്ച രാവിലെ മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലും പിന്നീട് കടുംപിടിയിലെ മുരിങ്ങോത്തിൽ തറവാട്ടുവീട്ടിലും പൊതുദർശനത്തിനു െവക്കും. സംസ്കാരം വൈകീട്ട് മൂന്നിന് മൂവാറ്റുപുഴ മുനിസിപ്പൽ ശ്മശാനത്തിൽ.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, അത്തരം ചിന്തകളുളളപ്പോൾ ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ : 1056, 0471-2552056)
Discussion about this post