കോതമംഗലം: മെത്രാപ്പോലീത്താ പദവിയിൽനിന്ന് ഒഴിയുകയാണെന്ന് പ്രഖ്യാപിച്ച് യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മാർ കൂറിലോസ്. നവംബറിൽ പാത്രിയർക്കീസ് ബാവയെ കണ്ടതിനു ശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് നീക്കം.58-കാരനായ ഗീവർഗീസ് മാർ കൂറിലോസ് 2006 ജൂലായ് മൂന്നിനാണ് മെത്രാപ്പോലീത്തയായി വാഴിക്കപ്പെട്ടത്. 17 വർഷത്തിനു ശേഷമാണ് സ്ഥാനത്യാഗത്തിനൊരുങ്ങുന്നത്.
കോതമംഗലം മാർത്തോമ ചെറിയപള്ളി പെരുന്നാൾ ദിനത്തിൽ മൂന്നിന്മേൽ കുർബാന മധ്യേ സന്ദേശം നൽകുന്നതിനിടെയാണ് അദ്ദേഹം മെത്രാപ്പോലീത്ത സ്ഥാനത്തുനിന്ന് മാറണമെന്ന താത്പര്യം ആദ്യം അറിയിച്ചത്. നിരണം ഭദ്രാസന മെത്രാപ്പോലീത്താ സ്ഥാനവും അതുമായി ബന്ധപ്പെട്ട പദവികളും അവകാശങ്ങളുമെല്ലാം ഉപേക്ഷിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
രാഷ്ട്രീയ നിലപാടുകൾ തുറന്നു പറയാനും മടിക്കാത്ത പുരോഹിതൻ കൂടിയാണ് മാർ കൂറിലോസ്. ഇടതുമുന്നണിയുടെ വനിതാ മതിൽ അടക്കമുള്ള പല പരിപാടികളെയും പിന്തുണച്ചിട്ടുള്ള മെത്രാപ്പോലീത്ത ഇടത് സഹ യാത്രികനായാണ് അറിയപ്പെടുന്നത്. മികച്ച വാഗ്മിയും സഭയിലെ ജനകീയ മുഖവുമാണ് ഇദ്ദേഹം.
also read- വീട്ടില്‍ പ്രസവിച്ച അസം സ്വദേശിനിക്ക് രക്ഷകരായി എത്തി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍
അതേസമയം, ഈ തീരുമാനം തിടക്കപ്പെട്ടല്ലെന്നാണ് സൂചന. മെത്രാപ്പോലീത്താ ചുമതല ഉപേക്ഷിക്കാൻ ഏറെക്കാലമായി ആലോചിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. ഔദ്യോഗിക ചുമതലകളിൽനിന്ന് മാറി പ്രാർഥനയും സാമൂഹിക സേവനവും എഴുത്തും വായനയുമായി ശേഷിക്കുന്ന കാലം കഴിയാനാണ് തീരുമാനം.