കടമായി പൊറോട്ടയും ബീഫ് കറിയും നല്‍കാത്തതിന്റെ ദേഷ്യം, ഹോട്ടലിലെ ഭക്ഷണ സാധനങ്ങളില്‍ മണ്ണ് വാരിയിട്ട യുവാവ്, അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ഹോട്ടലിലെ ഭക്ഷണ സാധനങ്ങളില്‍ മണ്ണ് വാരിയിട്ട യുവാവ് അറസ്റ്റില്‍. ചിറ്റാകോട് പുത്തന്‍നട ക്ഷേത്രത്തിന് സമീപം കെ എസ് നിവാസിലെ അനന്തു(33)വിനെയാണ് കൊല്ലം എഴുകോണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

എഴുകോണിലെ അക്ഷരാ ഹോട്ടലിലാണ് സംഭവം. പൊറോട്ടയും ബീഫും കടം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് യുവാവ് ഭക്ഷണത്തില്‍ കല്ല് വാരിയെറിഞ്ഞത്. മാറനാട് സ്വദേശികളായ രാധയും മകന്‍ തങ്കപ്പനും ചേര്‍ന്നാണ് ഹോട്ടല്‍ നടത്തുന്നത്.

also read: മതിയായ രേഖകളില്ലെന്ന കണ്ടെത്തല്‍, കുവൈത്ത് ജയിലിലായിരുന്ന 19 മലയാളി നഴ്‌സുമാര്‍ക്ക് മോചനം

ഈ ഹോട്ടലില്‍ നിന്നും അനന്തു നേരത്തെയും ഭക്ഷണം വാങ്ങിയിരുന്നു. എന്നാല്‍ പണം നല്‍കിയിരുന്നില്ല. കഴിഞ്ഞ ദിവസം ഹോട്ടലിലെത്തിയ അനന്തു പൊറോട്ടയും ബീഫ് കറിയും കടമായി ആവശ്യപ്പെട്ടു. എന്നാല്‍ മുന്‍പ് വാങ്ങിയതിന്റെ പണം തരാതെ ഇനി കടമായി ഭക്ഷണം തരില്ലെന്ന് കടയുടമ പറഞ്ഞു.

ഇതാണ് പ്രതിയെ പ്രകോപിപ്പിച്ചത്. കടയുടമ രാധയെ ദേഹോപദ്രവം ചെയ്യുകയും പുറത്തേക്കിറങ്ങി മണ്ണു വാരികൊണ്ടു വന്ന് പൊറോട്ടയിലും പാകം ചെയ്തു വെച്ചിരുന്ന കറിയും ഇടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് അതിക്രമം നടത്തിയ അനന്തു.

Exit mobile version