തിരുവനന്തപുരം: ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിന് 2000 രൂപ കൈക്കൂലി വാങ്ങിയ റവന്യൂ ഇന്‍സ്പെക്ടര്‍ പിടിയില്‍. തിരുവനന്തപുരം കോര്പറേഷന് ആറ്റിപ്ര സോണല്‍ ഓഫീസിലെ റവന്യൂ ഇന്‍സ്പെക്ടര്‍ അരുണ്‍കുമാറിനെയാണ് വിജിലന്‍സ് കൈയ്യോടെ പൊക്കിയത്.
ആറ്റിപ്ര കരിമണല്‍ ഭാഗത്ത് പരാതിക്കാരനും ഭാര്യയും ചേര്‍ന്ന് വാങ്ങിയ ഫ്ലാറ്റിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റിനായി രണ്ടാഴ്ച മുമ്പ് പരാതിക്കാരന് ആറ്റിപ്ര സോണല്‍ ഓഫീസില്‍ അപേക്ഷ നല്‍കിയിരുന്നു.
തുടര്‍ന്ന് റവന്യൂ ഇന്‍സ്പെക്ടറായ അരുണ്‍കുമാര്‍ പരിശോധനക്കെത്തി. എന്നാല്‍ ബാക്കി നടപടികള്‍ വേഗത്തിലാക്കണമെങ്കില്‍ 2000 രൂപയുമായി ബുധനാഴ്ച ഓഫീസില്‍ എത്തണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ പരാതിക്കാരന് സംഭവം ഉടനെ വിജിലന്‍സ് തിരുവനന്തപുരം യൂണിറ്റ് പോലീസ് ഡെപ്യൂട്ടി സൂപ്രണ്ട് ആര് വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം ബുധനാഴ്ച വൈകുന്നേരം മൂന്നരയോടെ ഓഫീസില്‍ എത്തി. തുടര്‍ന്ന് പരാതിക്കാരന് 2000 രൂപ നല്‍കുകയും ഇത് റവന്യൂ ഇന്‍സ്പെക്ടര്‍ വാങ്ങുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന വിജിലന്‍സ് റവന്യൂ ഇന്‍സ്പെക്ടറെ കൈയ്യോടെ പിടികൂടുകയായിരുന്നു. പ്രതിയില്‍നിന്ന് കണക്കില്‍പെടാത്ത 7000 രൂപയും വിജിലന്‍സ് പിടിച്ചെടുത്തു. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും.
അതേസമയം, അഴിമതി സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങളുടെ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ വിജിലന്‍സിന്റെ ടോള്‍ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലന്‍സ് ഡയറ്കടര്‍ ശ്രീ. ടി.കെ വിനോദ്കുമാര്‍ ഐ.പി.എസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
Discussion about this post