കൊച്ചി: മൂവാറ്റുപുഴയില്‍ കോളേജിന് മുന്നില്‍ വെച്ച് വിദ്യാര്‍ഥിനിയെ ബൈക്കിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ആന്‍സണ്‍ റോയി(23)യെ കാപ്പ ചുമത്തി ജയിലിലടച്ചു. ആന്‍സണ്‍ റോയിക്ക് ലൈസന്‍സ് ഉണ്ടായിരുന്നില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ് കണ്ടെത്തിയിരുന്നു.
ഓപ്പറേഷന് ഡാര്‍ക്ക് ഹണ്ടിന്റെ ഭാഗമായി ജില്ലാ റൂറല്‍ പോലീസ് മേധാവി വിവേക് കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ആന്‍സണ്‍ എതിരെ നടപടി. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് പ്രതിയെ മാറ്റിയിരിക്കുന്നത്.
ഇക്കഴിഞ്ഞ ജൂലായ് 26-നാണ് മൂവാറ്റുപുഴ നിര്‍മല കോളേജ് വിദ്യാര്‍ത്ഥിനിയായ നമിതയെയും സുഹൃത്തിനേയും റോഡ് മുറിച്ചുകടക്കുന്നതിനിടെ പ്രതി ബൈക്കിടിപ്പിച്ച് തെറിപ്പിച്ചത്. ഗുരുതരമായി പരിക്കേറ്റ നമിത മരണപ്പെടുകയായിരുന്നു.
സംഭവത്തിന് പിന്നാലെ, ലൈസന്‍സില്ലാതെ അമിതവേഗത്തിലും അശ്രദ്ധയിലും ബൈക്ക് ഓടിച്ചുവന്നാണ് ആന്‍സണ്‍ റോയ് അപകടമുണ്ടാക്കിയതെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ഈ കേസില്‍ മൂവാറ്റുപുഴ സബ് ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിഞ്ഞുവരുന്നതിനിടെയാണ് പ്രതിക്കെതിര കൊപ്പ ചുമത്തിയത്. ഇയാള്കോളേജിന് മുന്നിലൂടെ സ്ഥിരമായി അമിത വേഗത്തില്‍ പാഞ്ഞുപോകാറുണ്ടായിരുന്നെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞിരുന്നു.
ഏനാനല്ലൂര്‍ സ്വദേശിയായ ആന്‍സണ്‍ റോയ് മൂവാറ്റുപുഴ, വാഴക്കുളം പോലീസ് സ്റ്റേഷനുകളില്‍ വധശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ കേസുകളിലെ പ്രതിയാണ്. കല്ലൂര്‍ക്കാട് പോലീസ് ഇന്‍സ്പെക്ടര്‍ കെ ഉണ്ണികൃഷ്ണന്, സി.പി.ഒ.മാരായ ബേസില്‍ സ്ക്കറിയ, സേതു കുമാര്‍, കെ.എം.നൗഷാദ് എന്നിവരാണ് കാപ്പ ചുമത്തിയ പ്രതിയെ അറസ്റ്റ് ചെയ്ത് വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയത്.
Discussion about this post