കേരളത്തിലെ ട്രെയിനുകളില്‍ മോഷണം; 16 പവന്‍ സ്വര്‍ണവുമായി രണ്ടു പേര്‍ പിടിയില്‍

ഉത്തര്‍പ്രദേശ് മിര്‍സാപുര്‍ സ്വദേശിയായ അഭയ് രാജ് സിങ് (26), ഹരിശങ്കര്‍ ഗിരി (25) എന്നിവരെയാണ് ആര്‍.പി.എഫിന്റെ പ്രത്യേകസംഘം തിങ്കളാഴ്ച രാത്രി മംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്.

മംഗളൂരു: തീവണ്ടികളിലെ യാത്രക്കാരില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്യുന്ന രണ്ടു പേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് മിര്‍സാപുര്‍ സ്വദേശിയായ അഭയ് രാജ് സിങ് (26), ഹരിശങ്കര്‍ ഗിരി (25) എന്നിവരെയാണ് ആര്‍.പി.എഫിന്റെ പ്രത്യേകസംഘം തിങ്കളാഴ്ച രാത്രി മംഗളൂരുവില്‍നിന്ന് അറസ്റ്റ് ചെയ്തത്.

രണ്ട് സ്വര്‍ണപാദസരം ഉള്‍പ്പെടെ ഇവരില്‍നിന്ന് ഒന്‍പത് സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തു. ആറുലക്ഷം രൂപ വിലവരുന്ന 16 പവനോളം വരുന്ന സ്വര്‍ണമാണ് ഇവരുടെ കൈവശം ഉണ്ടായിരുന്നത്. ഇവരെ മംഗളൂരു റെയില്‍വേ പോലീസിന് കൈമാറി.

തിരുവനന്തപുരം-ഗോവ റൂട്ടിലെ തീവണ്ടികളില്‍ രാത്രി യാത്രക്കാര്‍ ഉറങ്ങുമ്പോഴാണ് ഇവര്‍ സ്വര്‍ണാഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്നത്. സെപ്റ്റംബര്‍ രണ്ടിന് കായംകുളത്തുവെച്ച് നിസാമുദ്ദീന്‍ എക്സ്പ്രസില്‍ യുവതിയുടെ ഒന്നേകാല്‍പ്പവന്‍ വരുന്ന പാദസരം കവര്‍ന്നു. പിറ്റേദിവസം ഓഖ എക്സ്പ്രസില്‍ എറണാകുളം മരട് സ്വദേശിനിയുടെ ഒന്നരപ്പവന്‍ പാദസരവും നഷ്ടപ്പെട്ടു. ഇതേത്തുടര്‍ന്ന് ആര്‍.പി.എഫ്. പ്രത്യേകസംഘം രൂപവത്കരിക്കുകയായിരുന്നു.

Exit mobile version