ഈരാറ്റുപേട്ട: കോട്ടയം കട്ടപ്പന റൂട്ടില്‍ ഓടിയിരുന്ന ആര്‍എസ്‌സി 140 ആര്‍ക്കും വേണ്ടാതെ കട്ടപ്പുറത്തായ അവസ്ഥയിലാണ്. ഒരു കാലത്ത് കേരളത്തിന്റെ ചങ്ക് ബസായിരുന്നു ഈ കെഎസ്ആര്‍ടിസിയുടെ ഈ വണ്ടി. ഡ്യൂട്ടി പരിഷ്‌കരണത്തോടെ ചങ്ക് ബസ് സര്‍വീസ് നടത്തിയിരുന്ന റൂട്ട് കട്ടപ്പന ഡിപ്പോയിലേക്കു മാറ്റി. ഇതോടെ ഓടാന്‍ ഇപ്പോള്‍ സ്ഥിരം റൂട്ടുമില്ലാതെയായി. എങ്ങോട്ടോടണമെന്ന് രാവിലെ തീരുമാനിക്കുമെന്ന അവസ്ഥയിലാണ് ഈ വണ്ടി ഇപ്പോള്‍. മൂന്നു മാസത്തോളമായി ഇതു തന്നെയാണ് അവസ്ഥ.
കോട്ടയം – കട്ടപ്പന റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ആര്‍എസ്സി 140 കേരളത്തിന്റെ തന്നെ ചങ്ക് ബസായത് സ്ഥിരം യാത്രക്കാരിയായ പെണ്‍കുട്ടിയുടെ ഒറ്റ ഫോണ്‍ കോളിലൂടെയായിരുന്നു. ബസ് കാണാതായതോടെ ഡിപ്പോയിലേക്ക് വിളിച്ചു പെണ്‍കുട്ടി പരാതിപ്പെട്ടത് വൈറലായി. ഇതോടെ ഈരാറ്റുപേട്ടയില്‍ നിന്ന് ആലുവയിലേക്കും അവിടെ നിന്നു കണ്ണൂരിലേക്കും പോയ ബസ് ആര്‍എസ്സി 140 ചങ്കായി തിരിച്ചെത്തി.തുടര്‍ന്നു പഴയ റൂട്ടില്‍ തന്നെ സര്‍വീസ് നടത്തിയിരുന്ന ബസിന്റെ റൂട്ട് മൂന്നു മാസം മുന്‍പാണ് നഷ്ടപ്പെട്ടത്.
ഷെഡ്യൂള്‍ മാറിയിട്ടും ബസ് ഓടാതായിട്ടും ഈ ചങ്കിനെ അന്വേഷിച്ച് ആരും വരാതെയുമായി. ഇതോടെ കൂട്ടപിരിച്ചുവിടലിന് ഇരയായ എംപാനല്‍ ജീവനക്കാരുടെ അവസ്ഥ തന്നെയാണ് ഡ്യൂട്ടി പരിഷ്‌കരണത്തിലൂടെ ഈ ആനവണ്ടിക്കും കൈവന്നിരിക്കുന്നത്.
വണ്ടി ഓടിയതാകട്ടെ, രണ്ടാഴ്ചയ്ക്കിടെ ഒരു ദിവസം മാത്രം.