ന്യൂഡല്‍ഹി: പാറശ്ശാല ഷാരോണ്‍ വധക്കേസ് വിചാരണ നടത്താന്‍ കേരളത്തിലെ കോടതിക്ക് അധികാരമില്ലെന്നും കേസിന്റെ വിചാരണ തമിഴ്നാട്ടിലേക്ക് മാറ്റണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവന് എന്നിവരാണ് ട്രാന്‍സ്ഫര്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
പാറശാല സ്വദേശിയായ ഷാരോണിന്റെ കൊലപാതകകേസ് അന്വേഷിച്ചത് കേരള പോലീസ് ആയിരുന്നു. ഈ അന്വേഷണത്തിന് ശേഷം നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ് അന്വേഷണ റിപ്പോര്‍ട്ട് അന്വേഷണ ഉദ്യോഗസ്ഥര്‍ ഫയല്‍ ചെയ്തതും.
കുറ്റകൃത്യം നടന്നു എന്ന് പോലീസ് പറയുന്ന സ്ഥലം തമിഴ്നാട്ടിലാണ്. അതിനാല്‍ നഗര്‍കോവിലെ ജില്ല സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കേണ്ടത്. നെയ്യാറ്റിന്‍കര അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിക്ക് ഈ കേസ് കേള്‍ക്കാന്‍ അധികാരമില്ലെന്നാണ് എന്നാണ് പ്രതികളുടെ വാദം. ക്രിമിനല്‍ നടപടി ചട്ടത്തിലെ 177 ആം വകുപ്പ് പ്രകാരം, എവിടെയാണോ കുറ്റകൃത്യം നടക്കുന്നത്, ആ സ്ഥലത്തിന്റെ പരിധിയിലുള്ള കോടതിയാണ് കേസ് പരിഗണിക്കേണ്ടത് എന്ന് വ്യക്തമാക്കിയിട്ടുണ്ട് എന്നും ട്രാന്‍സ്ഫര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കൂടാതെ, ഷാരോണ്‍ മരിച്ചത് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജിലായതുകൊണ്ട് മാത്രം കേസ് തിരുവനന്തപുരം കോടതിക്ക് പരിഗണിക്കാനാകില്ല എന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. അഭിഭാഷകന് ശ്രീറാം പറകാട് ആണ് സുപ്രീം കോടതിയില്‍ ട്രാന്‍സ്ഫര്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്.
Discussion about this post