തിരുവനന്തപുരം: തന്റെ മുന്‍ഗാമികളായ കെ കെ ശൈലജ, പി കെ ശ്രീമതി എന്നിവര്‍ തനിക്ക് വലിയ പ്രചോദനമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഇവരേക്കാള്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവയ്ക്കാനാണ് താന്‍ ശ്രമിക്കുന്നതെന്നും വീണ ജോര്‍ജ് പറഞ്ഞു.
കെകെ ശൈലജെയെയും പികെ ശ്രീമതിയെയും താന്‍ മാതൃകയാക്കിയിട്ടുണ്ടെന്നും ശ്രീമതി ടീച്ചറുടെ കാലഘട്ടത്തില്‍ ഒരുപാട് സ്ഥാപനങ്ങള്‍ ഇവിടെ വന്നു. ശൈലജ ടീച്ചറുടെ കാലഘട്ടത്തില്‍ മഹാമാരിയെ നേരിട്ടു, 2018ല്‍ നിപ, 2020ല്‍ കോവിഡ് എന്നും വീണ ജോര്‍ജ് പറഞ്ഞു.
‘രണ്ട് തരത്തില്‍ പ്രഗത്ഭരായിട്ടുള്ള ആളുകളാണ്. എന്നെ സംബന്ധിച്ചിടത്തോളം എന്റെ മുന്നില്‍ നില്‍ക്കുന്ന രണ്ട് ഉദാഹരണങ്ങളാണ് അവര്‍. അവര്‍ക്കൊപ്പം എത്തുക എന്നതും അതിലും മികവോടെ ചെയ്യുക എന്നുള്ളതും തന്നെയാണ് ലക്ഷ്യം. രണ്ടുപേരും ചെയ്തുവച്ച മാതൃകയ്ക്കൊപ്പമെത്തുക. എനിക്ക് കഴിയുമെങ്കില്‍ അതിനേക്കാള്‍ മികവോടെ ചെയ്യുക എന്നുള്ളതാണ്’, വീണ പറഞ്ഞു.
‘ശൈലജ ടീച്ചറുമായുള്ള താരതമ്യപ്പെടുത്തലുകള്‍ തന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. പാര്‍ട്ടിയാണ് എന്നെ പല ചുമതലകളും ഏല്‍പ്പിച്ചിരിക്കുന്നത്. ആ ഉത്തരവാദിത്തങ്ങള്‍ കാര്യക്ഷമമായി നടപ്പിലാക്കുകയാണ് എന്റെ ഉത്തരവാദിത്വം. അത് ഞാന്‍ ഉറപ്പായും ചെയ്യും’, വീണ ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.