തിരുവനന്തപുരം: ഇത്തവണത്തെ ഒക്ടോബറില്‍ സാധാരണ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തുലാവര്‍ഷം കനക്കുമെന്നും കാലവര്‍ഷം നിരാശപ്പെടുത്തിയതിന്റെ കുറവ് തുലാവര്‍ഷം നികത്തിയേക്കുമെന്നുമാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.
ഒക്ടോബര്‍ – ഡിസംബര്‍ മാസങ്ങളില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യത. 2023 ഏറ്റവും കുറവ് മഴ ലഭിച്ച കാലവര്‍ഷങ്ങളിലൊന്നാണ്. ജൂണ്‍ ഒന്നിന് തുടങ്ങി 122 ദിവസം നീണ്ടു നിന്ന കാലവര്‍ഷ കലണ്ടര്‍ അവസാനിച്ചപ്പോള്‍ കേരളത്തില്‍ ഇത്തവണ 34% മഴ കുറവാണ് രേഖപ്പെടുത്തിയത്.
also read: പേരിനെ ചൊല്ലി മാതാപിതാക്കള്‍ തര്‍ക്കത്തില്‍: കുഞ്ഞിന് പേരിട്ട് ഹൈക്കോടതി
2023 കാലവര്‍ഷത്തില്‍ 2018.6 മി മീ മഴ ലഭിക്കേണ്ടതാണ്. എന്നാല്‍ ലഭിച്ചതാകട്ടെ 1326.1 മി മീ മഴ മാത്രമാണ് ലഭിച്ചതെന്നാണ് കണക്കുകള്‍. 123 വര്‍ഷത്തെ ചരിത്രത്തില്‍ 1918 നും 1976 നും ശേഷം ഏറ്റവും കുറവ് മഴ ലഭിച്ച കാലവര്‍ഷമായിരുന്നു ഇത്തവണത്തേത്.
അതേസമയം, കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. നാളെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
Discussion about this post