കൊച്ചി: വേര്‍പിരിഞ്ഞ ദമ്പതികളുടെ മകള്‍ക്ക് പേരിട്ട് ഹൈക്കോടതി. പേരിനെ ചൊല്ലിയുള്ള മാതാപിതാക്കളുടെ തര്‍ക്കത്തില്‍ കുഞ്ഞിന് പേരിട്ടിരുന്നില്ല. കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ പേരു നല്‍കിയിരുന്നില്ല. പേരില്ലാത്ത ജനന സര്‍ട്ടിഫിക്കറ്റ് സ്‌കൂള്‍ സ്വീകരിച്ചില്ല.
‘പേരന്‍സ് പാട്രിയ’എന്ന സവിശേഷാധികാരം ഉപയോഗിച്ചാണ് ഹൈക്കോടതി പേരിട്ടത്. പേരില്ലാത്തത് കുഞ്ഞിന്റെ ക്ഷേമത്തിനു നല്ലതല്ല എന്നും കോടതി നിരീക്ഷിച്ചു.
അമ്മയോടൊപ്പമാണു 4 വയസ്സുള്ള കുട്ടി. പേരു നിശ്ചയിച്ച് അമ്മ റജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും മാതാപിതാക്കള്‍ ഇരുവരും ഹാജരാകണമെന്നു റജിസ്ട്രാര്‍ നിഷ്‌കര്‍ഷിച്ചു. എന്നാല്‍, മറ്റൊരു പേരു നല്‍കണമെന്നു പിതാവ് ആവശ്യപ്പെട്ടതോടെ തര്‍ക്കമായി. ഭാര്യ കുടുംബക്കോടതിയെ സമീപിച്ചെങ്കിലും റജിസ്‌ട്രേഷനു നടപടിയുണ്ടായില്ല. തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ രക്ഷിതാവാണെന്നത് ഉള്‍പ്പെടെയുള്ള ‘പേരന്‍സ് പാട്രിയ’ എന്ന നിയമാധികാരം പ്രയോഗിച്ചാണു മാതാവിന്റെ ഹര്‍ജിയില്‍ ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസിന്റെ ഉത്തരവ്. പേരന്റ്‌സ് പാട്രിയ അധികാരം ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കളുടെയല്ല, കുട്ടിയുടെ അവകാശത്തിനാണു പരമ പ്രാധാന്യം നല്‍കേണ്ടതെന്നു കോടതി പറഞ്ഞു.
കുട്ടിക്ക് പേര് വേണമെന്നതു തര്‍ക്കമില്ലാത്ത കാര്യമാണെന്നും ഇക്കാര്യത്തില്‍ ദമ്പതികള്‍ക്കും തര്‍ക്കമില്ലെന്നു കോടതി പറഞ്ഞു. തര്‍ക്കം തീര്‍ക്കാന്‍ കുട്ടിക്ക് മാതാവു നല്‍കിയ പേരിനൊപ്പം പിതാവിന്റെ പേരും ചേര്‍ക്കാന്‍ കോടതി നിര്‍ദേശിച്ചു.
കുട്ടി ഇപ്പോള്‍ മാതാവിനൊപ്പം കഴിയുന്നതിനാല്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട പേരിനു മുന്‍ഗണന നല്‍കാവുന്നതാണെന്നു കോടതി പരിഗണിച്ചു. ഈ പേരില്‍ ഹര്‍ജിക്കാരിക്ക് പുതിയ അപേക്ഷ നല്‍കാം. മാതാപിതാക്കള്‍ 2 പേരുടെയും അനുമതി നിഷ്‌കര്‍ഷിക്കാതെ പേര് റജിസ്റ്റര്‍ ചെയ്യാന്‍ റജിസ്ട്രാര്‍ക്കും കോടതി നിര്‍ദേശം നല്‍കി.