തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിക്ക് 91 വര്‍ഷം കഠിന തടവിന് ശിക്ഷ വിധിച്ച് കാട്ടാക്കട അതിവേഗ പോക്‌സോ കോടതി. മഹാത്മ അയ്യന്‍കാളി നഗര്‍ സ്വദേശിയായ രതീഷിന് (36) ആണ് പോക്‌സോ നിയമപ്രകാരം 91 വര്‍ഷത്തെ കഠിന തടവും 2,10,000 രൂപ പിഴയും വിധിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നല്‍കണം. അല്ലാത്ത പക്ഷം അധിക കഠിന തടവും അനുഭവിക്കേണ്ടി വരും.
പത്തു വയസുകാരിയെ അതിക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലാണ് കാട്ടാക്കട അതിവേഗ പോക് സോ കോടതി ജഡ്ജി എസ് രമേശ് കുമാര്‍ ശിക്ഷ വിധിച്ചത്. കേരളത്തില്‍ നിലവില്‍ പോക്‌സോ കേസില്‍ ഏറ്റവും വലിയ ശിക്ഷ നല്‍കിയ രണ്ടാമത്തെ കേസ് ആണ് ഇത്.
2018 മാര്‍ച്ച് മാസത്തിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. അതിജീവിതയുടെ വീടിനടുത്തു വന്ന പ്രതി ഫോണില്‍ ചിത്രങ്ങള്‍ കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ദിവസങ്ങളോളം മൃഗീയമായി പീഡിപ്പിച്ചു എന്നാണ് കേസ്. പുറത്തു പറഞ്ഞാല്‍ വീണ്ടും ഉപദ്രവിക്കുമെന്നും പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ പിന്നീട് കുട്ടി വിവരം മാതാവിനോട് പറയുകയും ഇവര്‍ ചൈല്‍ഡ് ലൈനിന്റെ സഹായത്തോടെ മലയിന്‍കീഴ് പോലീസില്‍ മൊഴി കൊടുക്കുകയും ചെയ്തു.