മലപ്പുറം: കോഡൂര്‍ വലിയാട് തദ്‌രീസുല്‍ ഇസ്ലാം മദ്രസയുടെ നബിദിന റാലിക്കിടെ ജാഥാ ക്യാപ്റ്റനായ വിദ്യാര്‍ഥിക്ക് നോട്ടുമാലയിട്ട് വൈറലായ ഷീനയെ വീട്ടിലെത്തി അഭിനന്ദിച്ച് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.
യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടഫി പികെ ഫിറോസ്, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് പിവി അഹമ്മദ് സാജു എന്നിവരും തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു. ഷീനക്ക് വലിയൊരു പെട്ടി ചോക്കലേറ്റും സമ്മാനിച്ച്,സ്നേഹപ്രകടനത്തിന് നന്ദി അറിയിച്ചാണ് സംഘം മടങ്ങിയത്.
ഇതാണ് യഥാര്‍ത്ഥ കേരളാ സ്റ്റോറിയെന്ന് ഷീനയുടെ വീട്ടില്‍വച്ച് മുനവ്വറലി തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. വൈറലായ വീഡിയോ കണ്ടപ്പോള്‍ സന്തോഷം തോന്നി. നമുക്കിടയിലെ സൗഹൃദങ്ങള്‍ വിശ്വാസം നോക്കാതെ പരസ്പരം പങ്കുവയ്ക്കാന്‍ നമുക്ക് കഴിയണമെന്നും തങ്ങള്‍ പറഞ്ഞു. ഇത് കേരളത്തിന്റെ സ്വാഭാവിക ചിത്രമാണെങ്കിലും വിദ്വേഷം പ്രചരിക്കുന്ന ഇക്കാലത്ത് ഇത്തരം സൗഹൃദങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്ന് ഫിറോസ് പറഞ്ഞു.
ഷീനയുടെ വീട്ടിലെത്തിയ ദൃശ്യങ്ങള്‍ മുനവ്വറലി തങ്ങള്‍ തന്നെ ഫേസ്ബുക്കില്‍ പങ്കുവച്ചു. സ്നേഹവും കരുണയും സഹിഷ്ണുതയും മാനവികതയും നിറഞ്ഞ മഹത്തായ ഗാഥകള്‍ ഒരിക്കലും അവസാനിക്കുന്നില്ല. അവ ലോകത്തിനു വഴിവിളക്കായി എക്കാലവും വെളിച്ചം നല്‍കി കൊണ്ടേയിരിക്കും- തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.
വ്യാഴാഴ്ചയാണ് വലിയാട് തദ്‌രീസുല്‍ ഇസ്ലാം മദ്രസയുടെ നബിദിന റാലി നടന്നത്. റാലി വരുന്നതിനായി മഴയത്ത് കാത്ത് നിന്ന് ഷീന ജാഥാ ക്യാപ്റ്റന് നോട്ട് മാല ചാര്‍ത്തുകയായിരുന്നു. തന്റെ മകളോടൊപ്പമാണ് ഷീന റാലി കാണാനും കുട്ടികള്‍ക്ക് നോട്ടുമാല സമ്മാനിക്കാനുമെത്തിയത്. റാലി ക്യാപ്റ്റന് നോട്ടുമാല ചാര്‍ത്തി കവിളില്‍ ഉമ്മയും സമ്മാനിച്ചാണ് ഷീന മടങ്ങിയത്.
ഷീനയെ കണ്ട് നബിദിന റാലി നിയന്ത്രിക്കുന്നവര്‍ യാത്ര നിര്‍ത്തുകയും ഷീനയെ കുട്ടികളുടെ അടുത്തേക്ക് വിളിക്കുന്നതും വീഡിയോയില്‍ കാണാം. തനിക്ക് അടുത്തിടെയാണ് ജോലി കിട്ടിയതെന്നും ആദ്യ ശമ്പളം കിട്ടിയ സന്തോഷത്തില്‍ ആണ് നോട്ട് മാല നല്‍കിയതെന്നും ഷീന പറഞ്ഞു.