ആലുവ: കണ്ണ് വേദനയും നീരുമായെത്തിയ യുവതിയുടെ കണ്ണില്‍ കണ്ടെത്തിയത്
15 സെന്റിമീറ്റര്‍ നീളമുള്ള വിര. വരാപ്പുഴ സ്വദേശിയായ 39കാരിയുടെ കണ്ണിലാണ് അപകടകാരിയായ വിരയെ കണ്ടെത്തിയത്.
ഇന്നലെ കണ്ണുവേദനയും നീരും കണ്ണില്‍ ചുവപ്പ് നിറവും അസഹ്യമായതോടെയാണ് യുവതി ആശുപത്രിയിലെത്തിയത്. ആലുവയിലെ ഫാത്തിമ ഐ കെയര്‍ ആശുപത്രിയിലെത്തിയ യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് വേദനയ്ക്കും നീരിനും കാരണക്കാരന്‍ വിരയാണെന്ന് കണ്ടെത്തിയത്.
നേത്ര രോഗ വിദഗ്ധന്‍ ഡോ ഫിലിപ്പ് കെ ജോര്‍ജാണ് യുവതിയുടെ കണ്ണില്‍ നിന്ന് വിരയെ ജീവനോടെ പുറത്തെടുത്തത്. 15 സെന്റിമീറ്റര്‍ നീളമാണ് ഈ വിരയ്ക്കുണ്ടായിരുന്നത്. വിശദമായ പരിശോധനകള്‍ക്കായി വിരയെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. വെള്ളത്തിലൂടെയാവാം ഇത്തരം വിരകള്‍ കണ്ണിലെത്തിയതെന്നാണ് നിരീക്ഷണം. ഏതെങ്കിലും രീതിയില്‍ മാലിനമായ ജലം മുഖം കഴുകാനോ കുളിക്കാനോ ഉപയോഗിക്കുന്നത് മൂലം ഇത്തരം സംഭവങ്ങള്‍ ഉണ്ടാകാമെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്.
കണ്ണിലെ വേദനയും തടിപ്പും അവഗണിക്കുകയോ ചികിത്സ തേടാതെ വരുന്ന സാഹചര്യത്തില്‍ യുവതിയുടെ കാഴ്ചയേയും കാലക്രമത്തില്‍ തലച്ചോറിലേക്ക് വരെ ചെല്ലുന്ന അണുബാധയ്ക്കും വിര കാരണമായേക്കാമെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞു. യുവതിയുടെ ആരോഗ്യ നിലയില്‍ പ്രശ്‌നമില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
Discussion about this post