കണ്ണൂര്‍: അന്തരിച്ച സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മകളുറങ്ങുന്ന വീട്ടില്‍ സ്മാരകമൊരുക്കി ഭാര്യ വിനോദിനി. കോടിയേരി പിന്നിട്ട ജീവിതവഴികളിലെ കാഴ്ചകളെല്ലാം അടുക്കിവച്ചിരിക്കുന്നു. കോടിയേരി മുളിയില്‍നടയിലെ വീടിന്റെ ഏറ്റവും മുകളിലെ നിലയിലാണ് ‘വിനോദിനീസ് കോടിയേരി ഫാമിലി കലക്ടീവ്’ എന്ന പേരില്‍ ഗാലറി ഒരുക്കിയത്. കോടിയേരിയുടെ ഒന്നാം ചരമവാര്‍ഷികദിനമായ ഒക്ടോബര്‍ 1ന് സന്ദര്‍ശകര്‍ക്ക് തുറന്നുകൊടുക്കും.
കോടിയേരി ബാലകൃഷ്ണന്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന കാലത്തെ ഫോട്ടോ മുതല്‍ ചികിത്സയിലിരിക്കുന്ന സമയത്തെ ഫോട്ടോകളടക്കം ഇരുനൂറോളം ചിത്രങ്ങള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ജീവിതചിത്രം അവതരിപ്പിക്കുന്ന 14 മിനിറ്റ് വീഡിയോ പ്രദര്‍ശനവുമുണ്ട്. ഉപയോഗിച്ച പേനകള്‍, ലഭിച്ച ഉപഹാരങ്ങള്‍, എഴുത്തു സഹിതമുള്ള പോക്കറ്റ് ഡയറികള്‍, ലേഖനങ്ങളുടെ കയ്യെഴുത്തു പ്രതികള്‍, വിപുലമായ പുസ്തകശേഖരം, കട്ടിലും മെത്തയും, വ്യായാമ ഉപകരണങ്ങള്‍, കണ്ണടകള്‍, തീന്‍മേശ, ചെരിപ്പുകള്‍… അങ്ങനെ കോടിയേരിയുടെ ജീവിതവുമായി ബന്ധപ്പെട്ടതെല്ലാം ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. 40 മിനിറ്റ് ഡോക്യുമെന്ററി കൂടി തയാറാക്കുന്നുണ്ട്.
മാത്രമല്ല, പാര്‍ട്ടിയും ഒരുക്കിയിട്ടുണ്ട് കോടിയേരിക്കു നിത്യസ്മാരകം. പയ്യാമ്പലത്ത് പണിത കോടിയേരി സ്തൂപത്തിന്റെ അനാഛാദനം ഒക്ടോബര്‍ ഒന്നിന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിര്‍വഹിക്കും. ശില്‍പി ഉണ്ണി കാനായിയുടെ നേതൃത്വത്തില്‍ ശില്പത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി.
ഇകെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും സ്മൃതിമണ്ഡപങ്ങള്‍ക്കിടയിലാണ് കോടിയേരി സ്മാരകസ്തൂപം. 11 അടി ഉയരവും 8 അടി വീതിയുമുണ്ട്. ഗ്രാനൈറ്റില്‍ കൊത്തിയെടുത്തതാണു സ്തൂപത്തില്‍ കാണുന്ന കോടിയേരിയുടെ മുഖം.