’25 കോടി അടിച്ചത് തമിഴ്‌നാട്ടില്‍ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിന്’: സമ്മാനത്തുക നല്‍കരുതെന്ന് പരാതി

തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ഭാഗ്യക്കുറിയുടെ 25 കോടിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനം അടിച്ചത് തമിഴ്‌നാട് സ്വദേശികള്‍ക്കാണ്. സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിലാണ് ഭാഗ്യദേവത കടാക്ഷിച്ചത്.

അതേസമയം, സമ്മാനമടിച്ചത് തമിഴ്‌നാട്ടില്‍ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണെന്നും സമ്മാനം നല്‍കരുതെന്നും പരാതി ലഭിച്ചിരിക്കുകയാണ്. കേരള സംസ്ഥാന ലോട്ടറി മറ്റു സംസ്ഥാനങ്ങളില്‍ വില്‍ക്കാന്‍ പാടില്ലെന്നാണ് നിയമം.

എന്നാല്‍, ഒന്നാം സമ്മാനാര്‍ഹമായ ലോട്ടറി കേരളത്തിലെ ഏജന്‍സിയില്‍ നിന്ന് കമ്മിഷന്‍ വ്യവസ്ഥയിലെടുത്ത് തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍ വിറ്റ ടിക്കറ്റില്‍ ഉള്‍പ്പെട്ടതാണെന്നും ബ്രിന്ദ ചാരിറ്റബിള്‍ ട്രസ്റ്റ് ഉടമ ഡി.അന്‍പുറോസ് മുഖ്യമന്ത്രിക്കും ലോട്ടറി ഡയറക്ടറേറ്റിനും നല്‍കിയ പരാതിയില്‍ പറയുന്നു.

ഇത്തവണത്തെ സമ്മാനത്തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ വിനിയോഗിക്കണമെന്നും അന്‍പുറോസ് ആവശ്യപ്പെട്ടു. കരിഞ്ചന്തയില്‍ വില്‍പന നടത്തിയ വ്യക്തിക്ക് ഉള്‍പ്പെടെയാണ് സമ്മാനം ലഭിച്ചതെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍, മറ്റു സംസ്ഥാനങ്ങളിലെ മേല്‍വിലാസക്കാര്‍ക്കു സമ്മാനം ലഭിച്ചാല്‍ അതു പരിശോധിക്കുന്നതിനായി ലോട്ടറി വകുപ്പില്‍ പ്രത്യേക സമിതിയുണ്ടെന്നും ആ നടപടിക്രമം കൂടി പൂര്‍ത്തിയാക്കിയാല്‍ മാത്രമേ സമ്മാനം നല്‍കൂ എന്നും ലോട്ടറി അധികൃതര്‍ അറിയിച്ചു.

കേരളത്തിലെ ലോട്ടറി മറ്റു സംസ്ഥാനങ്ങളില്‍ വില്‍ക്കാന്‍ അനുമതിയില്ല. കേരളത്തിലെത്തി മറ്റു സംസ്ഥാനക്കാര്‍ ലോട്ടറി വാങ്ങിയാല്‍ അതു തടയാനാകില്ലെന്നും അവര്‍ പറഞ്ഞു.

Exit mobile version