പാലക്കാട്: കരിങ്കരപ്പുള്ളിയില്‍ പന്നിയെ പിടിക്കാന്‍ വച്ച കെണിയില്‍ പെട്ട് രണ്ട് യുവാക്കള്‍ ദാരുണമായി കൊല്ലപ്പെട്ടിരിക്കുകയാണ്. മൃതദേഹങ്ങള്‍ വയലില്‍ കുഴിച്ചിട്ട നിലയിലാണ് കണ്ടെത്തിയത്.
യുവാക്കളുടെ മൃതദേഹം കണ്ടെത്തിയതില്‍ സ്ഥലം ഉടമ അനന്ത് കുമാര്‍ അറസ്റ്റിലാണ്. പുതുശ്ശേരി സ്വദേശി സതീഷും കൊട്ടേക്കാട് സ്വദേശി ഷിജിത്തുമാണ് മരണപ്പെട്ടത്.
മൃതദേഹങ്ങള്‍ അനന്ത് കുമാര്‍ വയലില്‍ കുഴിയെടുത്ത് മൂടുകയായിരുന്നു. മരണത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് യുവാക്കള്‍ സുഹൃത്തുക്കള്‍ക്കൊപ്പം നടന്ന് നീങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ വൈറലാകുകയാണ്.
തിങ്കളാഴ്ച പുലര്‍ച്ചെ നാല് അന്പതോടെയാണ് മറ്റ് രണ്ടു സുഹൃത്തുക്കള്‍ക്കൊപ്പം സതീഷും ഷിജിത്തും ഈ വയലിലേക്ക് വന്നത്. വയലിലേക്ക് ഇറങ്ങും മുന്‍പ് രണ്ടു സുഹൃത്തുക്കള്‍ മറ്റൊരു വഴിയിലൂടെ മുന്നോട്ടുപോയി. അനന്ത കുമാറിന്റെ വയലിലേക്ക് ഇറങ്ങിയ യുവാക്കള്‍ പന്നിക്കെണിയില്പ്പെട്ടു.
രാവിലെ അനന്ത്കുമാര്‍ കൃഷിയിടത്തിലേക്ക് വരുന്ന സമയത്താണ് യുവാക്കളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് ട്രാപ്പ് ചെയ്യുമെന്ന് പേടിച്ചാണ് തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചതെന്നാണ് അനന്ത്കുമാറിന്റെ മൊഴി.