തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ പരക്കെ മഴയ്ക്ക് സാധ്യതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നിറിയിപ്പ്. ശനിയാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇതിന്റെ സ്വാധീനഫലമായാണ് മഴ ലഭിക്കുകയെന്നും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
വെള്ളിയാഴ്ചയോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ആന്‍ഡമാന്‍ കടലിനു മുകളില്‍ മ്യാന്മാര്‍ തീരത്തിന് സമീപം ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. ഇത് 24 മണിക്കൂറിനുള്ളില്‍ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ മ്യാന്മാര്‍ തീരത്തിന് സമീപം ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്.
തുടര്‍ന്ന് പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ചേക്കുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇതിന് പുറമേ വടക്കന്‍ കര്‍ണാടകയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്നാട് തീരത്തിന് മുകളില്‍ മറ്റൊരു ചക്രവാതച്ചുഴിയും സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായി സംസ്ഥാനത്ത് വരുംദിവസങ്ങളില്‍ പരക്കെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.