മാവേലിക്കര: ഹൈക്കോടതിയില്‍ നിന്ന് ജാമ്യം ലഭിച്ച, പാറശാല ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ജയില്‍ മോചിതയായി. മാവേലിക്കര സബ് ജയിലില്‍ ഇന്നലെ വൈകിട്ട് 7.15ഓടെ അഭിഭാഷകരും നെയ്യാറ്റിന്‍കരയിലെ കോടതി ജീവനക്കാരിയുമെത്തി ജാമ്യ ഉത്തരവ് കൈമാറിയാണ് ഗ്രീഷ്മയെ പുറത്തിറക്കിയത്. അഭിഭാഷകരായ സുനീഷ്, ചന്ദ്രലേഖ എന്നിവര്‍ക്കൊപ്പം ഗ്രീഷ്മയുടെ അമ്മാവനുമുണ്ടായിരുന്നു.
അട്ടക്കുളങ്ങര വനിതാ ജയിലില്‍ കഴിഞ്ഞിരുന്ന ഗ്രീഷ്മയെ സഹതടവുകാരിയുടെ പരാതിയെ തുടര്‍ന്നാണ് മാവേലിക്കരയിലെ സ്‌പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റിയത്. 11 മാസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഗ്രീഷ്മയുടെ മോചനം.
കഴിഞ്ഞ ദിവസം ഹൈക്കോടതി ജാമ്യം ലഭിച്ച ഗ്രീഷ്മയുടെ ജയില്‍ മോചനം നീണ്ടേക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഹൈക്കോടതി അനുവദിച്ച ജാമ്യത്തില്‍ വിചാരണ കോടതിയായ നെയ്യാറ്റിന്‍കര കോടതിയില്‍ രണ്ട് ലക്ഷം രൂപ കെട്ടിവയ്ക്കണം. ഉപാധികളോടെയാണ് ഹൈക്കോടതി ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചത്.