പാലക്കാട്: കരിങ്കരപ്പുള്ളിയിൽ പാടത്ത് മൃതദേഹങ്ങൾ കുഴിച്ചിട്ട നിലയിൽ. കൊടുമ്പ് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിന് സമീപത്തെ പാടത്ത് നിന്നാണ് കുഴിച്ചിട്ട നിലയിൽ ഒരു കാൽ കണ്ടെത്തിയത്. പിന്നീട് നടത്തിയ പരിശോധനയിൽ രണ്ട് മൃതദേഹങ്ങളുണ്ടെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
നേരത്തെ പ്രദേശത്ത് നിന്ന് രണ്ടു യുവാക്കലെ കാണാതായിരുന്നു. ഇവരെ കാണാതായതുസംബന്ധിച്ച് പാലക്കാട് കസബ പോലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. അതിന്റെ അന്വേഷണത്തിനിടെയാണ് ഒരു മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ മറ്റൊരു മൃതദേഹം കൂടെയുണ്ടെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
ഇതുവരെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞിട്ടില്ല. തഹസിൽദാരുടെ സാന്നിധ്യത്തിൽ മാത്രമേ മൃതദേഹം പുറത്തെടുക്കാൻ സാധിക്കുകയുള്ളൂ. വെളിച്ചക്കുറവ് കാരണം ചൊവ്വാഴ്ച രാത്രിയിൽ മൃതദേഹം പുറത്തെടുക്കാൻ സാധ്യതയില്ലെന്നാണ് വിവരം.
സംഭവത്തിൽ പ്രഥമദൃഷ്ട്യാതന്നെ ദുരൂഹതയുണ്ടെന്നും അതിനാൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും പോലീസ് പറഞ്ഞു. നേരത്തെ, രണ്ടുപേരെ കാണാതായ പരാതിയിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയ പോലീസ് പ്രദേശത്ത് എത്തിച്ചേരുകയായിരുന്നു.
സതീഷ്, ഷിജിത്ത് എന്നിവരെയാണ് കഴിഞ്ഞദിവസം കാണാതായത്. ഞായറാഴ്ച വൈകീട്ട് കുരുടിക്കാട് എന്ന പ്രദേശത്ത് നടന്ന അടിപിടിയുമായി ബന്ധപ്പെട്ട് നാലുപേരെ അന്വേഷിച്ച് പോലീസ് എത്തിയിരുന്നു.
സതീഷിന്റെ ബന്ധുവീട്ടിൽ താമസിക്കുകയായിരുന്നവരെ തേടിയാണ് പോലീസ് എത്തിയത്. തുടർന്ന് ഇവർ പോലീസിനെ കണ്ട് ഭയന്നോടുകയായിരുന്നു. രണ്ടുപേർ ഒരുവഴിക്കും മറ്റുരണ്ടുപേർ മറ്റൊരു വഴിയിലുമായിരുന്നു രക്ഷപ്പെടാൻ ശ്രമിച്ചത്. പിന്നീട് രണ്ടുപേരെ പിടികൂടിയെങ്കിലും രണ്ടുപേരെ കാണാതായിരുന്നു.
ഇവരെ തിരഞ്ഞ് പോലീസും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല. പിന്നീടാണ് പാടത്ത് നിന്നും കാൽ കണ്ടെത്തിയതും അന്വേഷണം രണ്ട് മൃതദേഹങ്ങളിലെത്തി ചേർന്നതും. എന്നാൽ ഈ മൃതദേഹങ്ങൾ കാണാതായ യുവാക്കളുടേത് തന്നെയാണോ എന്ന് സ്ഥിരീകരിച്ചിട്ടില്ല.
Discussion about this post