കൊല്ലം: കടയ്ക്കലിൽ മൂന്നംഗസംഘം ആക്രമിച്ച് ദേഹത്ത് ചാപ്പകുത്തിയെന്ന വ്യാജപരാതി ഉന്നയിച്ച സൈനികൻ എല്ലാം ചെയ്തത് ദേശീയശ്രദ്ധ ലഭിക്കാൻ വേണ്ടിയെന്ന് പോലീസ്. രാജസ്ഥാനിൽ സൈനികനായ കടയ്ക്കൽ ചാണപ്പാറ സ്വദേശി ഷൈൻകുമാർ(35) സുഹൃത്തുമായി ചേർന്നാണ് എല്ലാം ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഷൈൻ കുമാറും സുഹൃത്ത് ജോഷിയും കേസിൽ അറസ്റ്റിലായി.
വർഗീയ ലഹളയുണ്ടാക്കാൻ ശ്രമിച്ചു, വ്യാജതെളിവുകളും മൊഴികളും നൽകി, ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഇരുവരേയും അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു. ഇതിലൂടെ ദേശീയശ്രദ്ധ ലഭിക്കുമെന്നും തുടർന്ന് താൻ ആഗ്രഹിക്കുന്ന പോസ്റ്റിങ് കിട്ടുമെന്നുമാണ് സൈനികനായ പ്രതി കരുതിയിരുന്നത്.
ഇതിനായി ഇയാൾ കഴിഞ്ഞ അഞ്ചുമാസമായി തയ്യാറെടുത്തുവരികയായിരുന്നു. ഇത്തവണ അവധിക്ക് നാട്ടിൽ വന്നപ്പോഴാണ് ഇത് നടപ്പിലാക്കിയതെന്നും പോലീസ് പറഞ്ഞു.
അതേസമയം, ഈ കേസിൽ സൈനികനെ അറസ്റ്റ് ചെയ്തവിവരം ഇയാൾ ജോലിചെയ്യുന്ന യൂണിറ്റിൽ അറിയിക്കും. അതിനുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണ്. കേസിൽ മറ്റുള്ളവർക്ക് പങ്കുണ്ടോ എന്നത് അന്വേഷഇക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
സുഹൃത്തിന്റെ വീട്ടിലേക്ക് പോകുന്നതിനിടെ അർധരാത്രിയിൽ സൈനികനെ പ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് ബൈക്കിലെത്തിയ സംഘം ആക്രമിച്ച് ഷർട്ട് വലിച്ചുകീറി മുതുകിൽ പിഎഫ്‌ഐ എന്നെഴുതിയെന്നായിരുന്നു സൈനികന്റെ ആരോപണം. ഇത് ഇയാൾ തന്നെ മെനഞ്ഞെടുത്ത കഥയാണ് എന്ന് അന്വേഷണത്തിൽ തെളിയുകയായിരുന്നു.
കേസെടുത്ത് 48 മണിക്കൂറിൽ തന്നെ ഇത് ഷൈൻ മെനഞ്ഞെടുത്ത കഥയാണിതെന്നും ഇയാളുടെ സുഹൃത്താണ് മുതുകിൽ പച്ചമഷി കൊണ്ട് എഴുതിയതാണെന്നും തെളിയുകയായിരുന്നു. പിഎഫ്‌ഐ എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തിട്ടുണ്ട്.
സംഭവത്തിൽ ഉന്നത പോലീസ് സംഘം ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, ഷൈനിന് മർദനമേറ്റതായി പറയുന്ന സ്ഥലത്തുനിന്ന് യാതൊരു തെളിവും ലഭിച്ചില്ല. ഇതോടെയാണ് ഇയാളുടെ മൊഴിയിലെ വൈരുദ്ധ്യവും പോലീസ്്‌ന്വേഷിച്ചതും കള്ളി വെളിച്ചത്തായതും.