മലയാല സിനിമയിൽ മാറ്റങ്ങളുടെ കാറ്റ് വീശിയ സിനിമകളുടെ അമരക്കാരൻ കെജി ജോർജ് വിട വാങ്ങിയതിന്റെ നോവിലാണ് മലയാള സിനിമാ ലോകം. എന്നാൽ കാക്കനാട്ടെ വയോജനമന്ദിരത്തിൽ വെച്ച് കെജി ജോർജ് അന്തരിച്ചെന്ന വാർത്ത എത്തിയതുമുതൽ അദ്ദേഹത്തിന്റെ കുടുംബത്തിന് നേരെ വിമർശനമുയർന്നിരുന്നു.
കെജി ജോർജിനെ അദ്ദേഹത്തിന്റെ ഭാര്യ സെൽമ ജോർജും രണ്ട് മക്കളടങ്ങിയ കുടുംബവും നന്നായി പരിപാലിച്ചില്ലെന്നായിരുന്നു പ്രധാന വിമർശനം. ഇപ്പോഴിതാ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സെൽമ ജോർജ് തന്നെ രംഗത്തത്തിയിരിക്കുകയാണ്.
ഭർത്താവിനെ നന്നായി തന്നെയാണ് നോക്കിയതെന്നും താൻ ഗോവയിൽ സുഖവാസത്തിന് പോയതല്ലെന്നും സെൽമ പ്രതികരിച്ചു. സിഗ്നേച്ചർ എന്ന സ്ഥാപനത്തിൽ തങ്ങൾ ഭർത്താവിനെ താമസിപ്പിച്ചത് അവിടെ ഡോക്ടർമാരും നഴ്സുമാരും ഫിസിയോ തെറാപ്പി എക്സർസൈസ് ചെയ്യാനുള്ള സ്ഥലമൊക്കെ ഉള്ളതുകൊണ്ടാണെന്നും സെൽമ ജോർജ് പറഞ്ഞു.
‘പുള്ളിയെ ഒറ്റയ്ക്കിട്ട് പോയെന്നാ എല്ലാവരും പറയുന്നത്. എനിക്ക് ഇവിടെ ഒറ്റയ്ക്ക് ജീവിക്കാനാകില്ലല്ലോ. പുള്ളിക്ക് സ്ട്രോക്കുള്ളതുകൊണ്ട് ഒറ്റയ്ക്ക് പൊക്കിയെടുത്ത് കുളിപ്പിക്കാനും ഒക്കെയുള്ള ആരോഗ്യം നമുക്കില്ല. ഒരു സ്ത്രീ എങ്ങനെ നോക്കും. അതുകൊണ്ടാണ് സിഗ്നേച്ചറിൽ ഞാൻ താമസിപ്പിച്ചത്’- സെൽമ വിശദീകരിച്ചു.
എല്ലാ ആഴ്ചയും അദ്ദേഹത്തിന് ആവശ്യമായ ഭക്ഷണം എത്തിക്കാറുണ്ടായിരുന്നെന്നും അവർ പറഞ്ഞു. അദ്ദേഹം ഒരുപാട് നല്ല സിനിമകളുണ്ടാക്കി. പക്ഷേ അഞ്ചു കാശുണ്ടാക്കിയില്ല. അതാണ് ഞങ്ങളുടെ വിഷമം. പക്ഷേ എല്ലാവരും എഴുതുന്നതും പറയുന്നതും തങ്ങൾ കാശെടുത്ത് അദ്ദേഹത്തെ കറിവേപ്പിലകണക്ക് തള്ളിയെന്നാണ് എന്നും അവർ പരിതപിച്ചു.
തങ്ങൾക്ക് ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ല. താൻ ആത്മാർഥതയോടെ സ്നേഹിച്ചു. ഒരു വിഷമം പോലും അദ്ദേഹത്തിന് ഉണ്ടാക്കിയിട്ടില്ല. ദൈവമേ കഷ്ടപ്പെടുത്താതെ അദ്ദേഹത്തെ എടുത്തേക്കണമേ എന്ന് പ്രാർഥിച്ചിരുന്നു. എന്റെ പ്രാർഥന ദൈവം കേട്ടുവെന്നും സെൽമ പറഞ്ഞു.
ഒരു ഹൊറർ സിനിമയും കാമമോഹിതം എന്ന സിനിമയും കെജി ജോർജിന് ചെയ്യണമെന്നുണ്ടായിരുന്നെന്നും എന്നാൽ അദ്ദേഹത്തിനത് കഴിഞ്ഞില്ലയെന്ന വിഷമം മാത്രമാണിപ്പോൾ ഉള്ളത് എന്നും സെൽമ പറഞ്ഞു.