കൊല്ലം: സൈനികനെ മർദ്ദിച്ച് മുതുകിൽ പിഎഫ്ഐ എന്ന് പച്ചമഷി കൊണ്ട് എഴുതിയെന്ന പരാതി വ്യാജമെന്ന് പോലീസ് കണ്ടെത്തി.കൊല്ലം കടയ്ക്കലിൽ കഴിഞ്ഞജദിവസമാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. അവധി കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് മടങ്ങാനിരുന്ന സൈനികനെ പ്രദേശത്തെ ഒഴിഞ്ഞ സ്ഥലത്ത് വെച്ച് അജ്ഞാതർ ആക്രമിച്ച് മുതുകിൽ പിഎഫ്ഐ എന്നെഴുതിയെന്നായിരുന്നു സൈനികന്റെ ആരോപണം.
ഇത് ഇയാൾ തന്നെ മെനഞ്ഞെടുത്ത കഥയാണ് എന്ന് അന്വേഷണത്തിൽ തെളിഞ്ഞു. സംഭവത്തിൽ, രാജസ്ഥാനിൽ സൈനികനായ ചാണപ്പാറ സ്വദേശി ഷൈൻ കുമാർ (35), സുഹൃത്ത് ജോഷി എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച അർധരാത്രിയോടെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോകവെ ഒരു സംഘം വഴിയിൽ തടഞ്ഞുനിർത്തിയശേഷം മർദ്ദിക്കുകയും ഷർട്ട് വലിച്ചുകീറി പുറത്ത് പച്ച പെയിന്റ് കൊണ്ട് പിഎഫ്ഐ എന്നെഴുതി എന്നുമാണ് ഇയാൾ പരാതിപ്പെട്ടിരുന്നത്.
എന്നാൽ, ഷൈൻ മെനഞ്ഞെടുത്ത കഥയാണിതെന്നും ഇയാളുടെ സുഹൃത്താണ് മുതുകിൽ പച്ചമഷി കൊണ്ട് എഴുതിയതെന്നും തെളിയുകയായിരുന്നു. പിഎഫ്ഐ എന്ന് എഴുതാൻ ഉപയോഗിച്ച പെയിന്റും ബ്രഷും കണ്ടെടുത്തിട്ടുണ്ട്.
പ്രശസ്തനാവാനാണ് ഈ കഥ ഷൈൻ മെനഞ്ഞതെന്ന് ഷൈനിന്റെ സുഹൃത്ത് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരുന്നതായി പോലീസ് അറിയിച്ചു. സൈനികന് മർദ്ദനമേറ്റ സംഭവം വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. കടയ്ക്കൽ മുക്കടയിൽനിന്ന് ചാണപ്പാറയിലേക്കുള്ള വഴിയിലെ റബർ തോട്ടത്തിന് സമീപത്തുവെച്ചായിരുന്നു ആക്രമണമെന്നായിരുന്നു ഇയാളുടെ പരാതി.
ALSO READ- വീട്ടില്‍ നിന്നും വിളിച്ചിറക്കി കൊണ്ടുപോയി അയല്‍വാസിയെ കുത്തിക്കൊന്നു, 44കാരന് അറസ്റ്റില്‍
സംഭവത്തിൽ ഉന്നത പോലീസ് സംഘം ഉൾപ്പടെ സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. എന്നാൽ, ഷൈനിന് മർദനമേറ്റതായി പറയുന്ന സ്ഥലത്തുനിന്ന് യാതൊരു തെളിവും ലഭിച്ചില്ല. ഇതോടെയാണ് ഇയാളുടെ മൊഴിയിലെ വൈരുദ്ധയവും പോലീസ് ശ്രദ്ധിച്ചത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഷൈനിന്റെ സുഹൃത്ത് തന്നെ കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവത്തിൽ ദുരൂഹതയുള്ളതായി നാട്ടുകാരും പോലീസും നിരീക്ഷിച്ചിരുന്നു. ഈ സംഭവങ്ങൾക്കിടെ ഷൈനിനെ അനുകൂലിച്ച് ബിജെപി പ്രവർത്തകർ കടയ്ക്കൽ പോലീസ് സ്റ്റേഷനിലേക്ക് മാർച്ചും നടത്തിയിരുന്നു.
Discussion about this post