ന്യൂഡല്‍ഹി: നഷ്ടം താങ്ങാനാകുന്നില്ലെങ്കില്‍ കെഎസ്ആര്‍ടിസി അടച്ചുപൂട്ടിക്കൂടേ വിമര്‍ശനവുമായി സുപ്രീം കോടതി. താല്‍ക്കാലിക ജീവനക്കാരുടെ പെന്‍ഷന്‍ സംബന്ധിച്ച കേസിലാണ് കോടതി വിമര്‍ശനം ഉന്നയിച്ചത്. അതേസമയം താല്‍ക്കാലിക ജീവനക്കാര്‍ക്ക് സേവന കാലാവധി കണക്കാക്കി പെന്‍ഷന്‍ നല്‍കണമെന്ന് കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവിന് എതിരെയാണ് കെഎസ്ആര്‍ടിസി സുപ്രീംകോടതിയെ സമീപിച്ചത്.
നിലവില്‍ 4000 കോടിയിലധികം നഷ്ടം ഉണ്ടെന്ന് കെഎസ്ആര്‍ടിസിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. താല്‍കാലിക ജീവനക്കാര്‍ക്ക് കൂടി പെന്‍ഷന്‍ നല്‍കേണ്ടിവന്നാല്‍ പ്രതിമാസം 400 കോടി രൂപയുടെ അധിക ബാധ്യത വരും. ഇത് താങ്ങാനാവില്ലെന്ന് കെഎസ്ആര്‍ടിസി കോടതിയെ അറിയിച്ചപ്പോഴാണ് എങ്കില്‍ അടച്ചുപൂട്ടിക്കൂടേ എന്ന കോടതിയുടെ ചോദ്യം. കേസ് വിശദമായ വാദത്തിനായി വ്യാഴാഴ്ചത്തേക്ക് മാറ്റിവെച്ചു.