ആലപ്പുഴ: വനിത ശിശു ആശുപത്രിയില്‍ പ്രസവത്തെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. കുമരകം ചൂളഭാഗം തൈത്തറ നിധീഷിന്റെ ഭാര്യ രജിത(34) ആണ് മരിച്ചത്. സംഭവത്തെ തുടര്‍ന്ന് ചികിത്സ പിഴവ് ആരോപിച്ച് യുവതിയുടെ ബന്ധുക്കള്‍ അമ്പലപ്പുഴ പോലീസില്‍ പരാതി നല്‍കി.
വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയോടെയാണ് രജിത മരിച്ചത്. കഴിഞ്ഞ 21നാണ് വനിത ശിശു ആശുപത്രിയില്‍ യുവതിയുടെ പ്രസവശസ്ത്രക്രിയ നടന്നത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ രജിതയെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രജിതയുടെ രണ്ടാമത്തെ പ്രസവമാണിത്.
അതേസമയം, സംഭവത്തെക്കുറിച്ച് അടിയന്തര അന്വേഷണവും തുടര്‍ നടപടികളും വേണമെന്ന് കാട്ടി പി.പി ചിത്തരഞ്ജന്‍ എം.എല്‍.എ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് കത്ത് നല്‍കിയിട്ടുണ്ട്.