പൊന്നാനി: മലപ്പുറത്തെ ദേശീയപാത നിർമാണത്തിനിടെ നിർത്തിയിട്ട വാഹനങ്ങളിൽനിന്ന് ഇന്ധനം മോഷണംപോകുന്നത് തുടർക്കഥയാകുന്നു. നിർമാണപ്രവർത്തിക്ക് എത്തിച്ച വാഹനങ്ങളിൽ നിന്നായി ഇതുവരെ 1,750 ലിറ്റർ ഡീസലാണ് മോഷണം പോയത്.
ദശീയപാത നിർമാണം പുരോഗമിക്കുന്ന മലപ്പുറം ജില്ലയിലെ ഭാഗമായ രാമനാട്ടുകര മുതൽ കാപ്പിരിക്കാട് വരെയുള്ള മേഖലകളിലാണ് സ്ഥിരമായി ഇന്ധനമോഷണം നടക്കുന്നത്. പൊന്നാനി മേഖലയിൽനിന്നാണ് ഏറെയും മോഷണംപോകുന്നത്. പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് വ്യാജ നമ്പർ പ്ലേറ്റ് ഉപയോഗിച്ചുള്ള വാഹനത്തിലാണ് ഡീസൽ ചോർത്തിയെടുക്കുന്നത് എന്ന് വ്യക്തമായി.
നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങളിൽ പാർക്ക്ചെയ്യുന്ന ടോറസ് ലോറികൾ മണ്ണുമാന്തിയന്ത്രങ്ങൾ തുടങ്ങിയവയിൽ നിന്നാണ് ഡീസൽ മോഷ്ടിക്കുന്നത്. ജനറേറ്റർ ബാറ്ററിയും നഷ്ടപ്പെട്ടതായി വിവരമുണ്ട്.
അതേസമയം, മോഷണം സംബന്ധിച്ച് പോലീസിൽ പരാതി നൽകിയിട്ടും മോഷ്ടാക്കളെ പിടികൂടാനായിട്ടില്ല. മോഷ്ടാക്കളെക്കുറിച്ച് വിവരം നൽകുന്നവർക്ക് നിർമാണക്കമ്പനി ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. എന്നിട്ടും ഇന്ധനമോഷണത്തിന് തടയിടാനായില്ല.
ALSO READ- ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ അപകടം; ബൈക്ക് യാത്രികന് ദാരുണാന്ത്യം
നിർമാണ കമ്പനി പൊന്നാനി, കുറ്റിപ്പുറം ഉൾപ്പെടെയുള്ള വിവിധ പോലീസ് സ്‌റ്റേഷനുകളിലായി പരാതി നൽകിയിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്തുന്നതിന് നിർമാണ കമ്പനി സൈബർ സെല്ലിന്റെ സഹായവും തേടിയിരിക്കുകയാണ്.