തിരുവനന്തപുരം: വന്ദേഭാരത് ബിജെപി ഓഫീസ് പോലെയാക്കിയെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ കെ മുരളീധരന്‍. കേരളത്തിന് അനുവദിച്ച രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടനത്തില്‍ ബിജെപി തരംതാണ രാഷ്ട്രീയ കളി നടത്തിയെന്നും ഇതിന് ചുക്കാന്‍ പിടിച്ചത് കേന്ദ്രമന്ത്രി വി മുരളീധരനാണെന്നും കെ മുരളീധരന്‍ പറഞ്ഞു.
ഇല്ലാത്ത പത്രാസൊന്നും മുരളീധരന്‍ കാണിക്കരുത്. സഹമന്ത്രിമാരുടെ ഡല്‍ഹിയിലെ റോള്‍ തന്നെ കൊണ്ട് പറയിപ്പിക്കരുതെന്നും പ്രധാനമന്ത്രി ഓടുമ്പോള്‍ പിന്നാലെ ഓടുകയാണ് പണി, കൂടുതല്‍ എഴുന്നുള്ളിക്കാതിരിക്കുകയാണ് നല്ലതെന്നും മുരളീധരന്‍ പറഞ്ഞു.
also read: രാഹുലിനെ മത്സരിക്കാൻ വെല്ലുവിളിക്കുകയാണ്; വയനാട്ടിലല്ല ഹൈദരാബാദിൽ; പോരാടാൻ തയ്യാറെന്ന് ഒവൈസി
പാര്‍ട്ടി പ്രവര്‍ത്തകര്‍ പാര്‍ട്ടി പതാകയുമായി വണ്ടിയില്‍ കയറിയിട്ട് അവരുടെ നേതാക്കന്‍മാര്‍ക്കായി മുദ്രാവാക്യം വിളിക്കുന്നത് തെറ്റായ പ്രവണതയാണ്. ഇത് ഞങ്ങള്‍ക്കും അറിയാഞ്ഞിട്ടല്ല. ഞങ്ങള്‍ ഇത് ചെയ്താല്‍ നാളെ അതിന്റെ പേരില്‍ കേരളത്തിന് കിട്ടേണ്ട ട്രെയിനുകള്‍ മുടങ്ങുമെന്നതിനാലാണ് ചെയ്യാത്തതെന്നും അത് ദൗര്‍ബല്യമായി കാണരുതെന്നും മുരളീധരന്‍ പറഞ്ഞു.
വന്ദേഭാരതിന്റെ ഉദ്ഘാടന യാത്ര ബിജെപി യാത്രപോലെയായിരുന്നു. മുന്‍പൊന്നും വികസനപരിപാടികളുടെ ഉദ്ഘാടനത്തിന് ഇത്തരം പ്രവണതകള്‍ ഉണ്ടായിരുന്നില്ല. ഒ രാജഗോപാലാണ് ജനശതാബ്ദി കൊണ്ടുവന്നത്. അന്ന് ഒരു ബഹളവും ഉണ്ടായിരുന്നില്ലെന്നും മുരളീധരന്‍ പറഞ്ഞു.