കോഴിക്കോട്: നിപ ഭീതി അകലുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സ്‌കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത്. എന്നാല്‍ കണ്ടെയിന്‍മെന്റ് സോണുകളില്‍ സ്‌കൂളുകള്‍ ഇന്ന് തുറക്കില്ല. കണ്ടെയിന്‍മെന്റ് പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ് തുടരുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.
ഇന്നലെ കോഴിക്കോട് ജില്ലയില്‍ പരിശോധിച്ച സാമ്പിളുകള്‍ നെഗറ്റീവാണെന്ന് കളക്ടര്‍ അറിയിച്ചു. ഇന്നലെ നിരീക്ഷണത്തിലുള്ളവര്‍ 915. ഹൈ റിസ്‌ക് കാറ്റഗറിയില്‍ ആരുമില്ലെന്നും കളക്ടര്‍ പറഞ്ഞു.
സെപ്തംബര്‍ 15ന് ചെറുവണ്ണൂര്‍ സ്വദേശിയുടെ നിപ പരിശോധന ഫലമാണ് അവസാനമായി പോസിറ്റീവ് ആയത്. അതിനാല്‍ തന്നെ രോഗവ്യാപനം ഒഴിയുന്ന ആശ്വാസത്തിലാണ് കോഴിക്കോട് ജില്ല. പ്രോട്ടോക്കോള്‍ പാലിക്കണമെന്ന കര്‍ശന നിര്‍ദേശത്തോടെയാണ് സ്‌കൂളുകള്‍ക്ക് തുറക്കാന്‍ അനുമതി നല്‍കിയിരിക്കുന്നത്.
വിദ്യാര്‍ഥികളും അധ്യാപകരും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമായും ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. സ്‌കൂളുകളുടെ പ്രവേശന കവാടങ്ങളിലും ക്ലാസ് മുറികളിലും സാനിറ്റൈസര്‍ വെക്കണമെന്നും നിര്‍ദേശമുണ്ട്.
നിലവില്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി തുടരുന്നത് ഫറോക്ക് മുന്‍സിപ്പാലിറ്റിയിലെ മുഴുവന്‍ വാര്‍ഡുകളും കോഴിക്കോട് കോര്‍പറേഷനിലെ 7 വാര്‍ഡുകളുമാണ്.