മാവേലിക്കര:കേരളത്തിലുണ്ടായ പ്രളയം പലരുടേയും ജീവിതത്തെ മാറ്റി മറിച്ചു പലരും പുതിയ തീരുമാനങ്ങള്‍ എടുത്തു. ഇതാ അത്തരത്തില്‍ ജീവിതത്തിന് ഉപകാരപെടുന്ന ഒരു തീരുമാനം എടുത്ത ഈ കുടുംബത്തെ പരിചയപ്പെടാം. സൗദി അറേബ്യയില്‍ ഡിസൈനറായ രഞ്ജിതും ടീച്ചറായ സൂര്യയും എങ്ങനെയും ശരീരഭാരം കുറച്ചേ മതിയാകൂ എന്ന ആ തീരുമാനവുമെടുത്ത കഥയാണ് ഇത്.
മഹാപ്രളയത്തില്‍ കേരളം മുങ്ങിയ സമയത്തായിരുന്നു ഈ കുടുംബം നാട്ടിലെത്തിയത്. മാവേലിക്കരയാണ് വീട്. എന്നാല്‍ അടുത്ത പ്രദേശങ്ങളെല്ലാം വെള്ളത്തില്‍ മുങ്ങി. ഇനി വൈകിയാല്‍ തങ്ങളും പെടും. രക്ഷപ്പെടാന്‍ ഇരുവരും മുട്ടൊപ്പം വെള്ളത്തില്‍ നടന്നു. അപ്പോഴാണ് മനസ്സിലായത് ഒരു പത്തടി പോലും തികച്ചു നടക്കാന്‍ സാധിക്കുന്നില്ല. സ്‌കൂളിലെ പടികള്‍ കയറുമ്പോള്‍ ചെറിയ കിതപ്പു പോലെ തോന്നുന്നുണ്ടെന്ന് സൂര്യ ഇടയ്ക്കു പറയാറുണ്ടെങ്കിലും അതത്ര കാര്യമായെടുത്തിരുന്നില്ല. പക്ഷേ നടക്കാന്‍ പറ്റാത്ത അവസ്ഥ ശരിക്കും ഞെട്ടിച്ചു.
അന്നു നാട്ടില്‍വച്ച് ഇരുവരും ആ തീരുമാനമെടുത്തു- അടുത്ത പ്രാവശ്യം നാട്ടില്‍ വരുന്നതിനു മുമ്പ് ഇതിനൊരു മാറ്റം വരുത്തും. എന്നാല്‍ എങ്ങനെ എന്ന സംശയം അപ്പോഴും ബാക്കിയായുണ്ടായിരുന്നു.
പിന്നീടുള്ള ശ്രദ്ധ അമിത ഭാരം കുറയ്ക്കുന്നതിനായി. സൈറ്റുകളിലും മറ്റും തെരഞ്ഞ് ഓരോരോ ഡയറ്റുകള്‍ കണ്ടെത്തിയെങ്കിലും ഇതൊന്നും പരീക്ഷിക്കാന്‍ പറ്റിയില്ല. അങ്ങനെ സോഷ്യല്‍മീഡിയയില്‍ ചാലഞ്ച് കണ്ടു. എന്തായാലും ഇതു ചെയ്തിരിക്കും എന്ന് രണ്ട് പേരും ഉറപ്പിച്ചു. ആ ഡയറ്റ്പ്ലാന്‍ ഒരു മാസം പിന്നിട്ടപ്പോള്‍തന്നെ കാര്യമായ മാറ്റം പ്രകടമായിത്തുടങ്ങി. കിതപ്പും ശ്വാസംമുട്ടലും പമ്പ കടന്നു. നാലുമാസം കൊണ്ട് എനിക്കു കുറഞ്ഞത് പത്തു കിലോയും സൂര്യയ്ക്ക് ഏഴു കിലോയുമാണ് – രഞ്ജിത് അഭിമാനത്തോടെ പറയുന്നു.
എന്നാല്‍ ഈ കഥയില്‍ ഒരു കുട്ടിത്താരം കൂടി ഉണ്ട്. അച്ഛനും അമ്മയ്ക്കും പ്രോത്സാഹനം നല്‍കുന്നത് ഏഴു വയസ്സുകാരന്‍ മകന്‍ സാരംഗാണ്. ആരെങ്കിലും ഒറ്റയ്ക്കു വര്‍ക്ക്ഔട്ട് ചെയ്യുന്നതു കണ്ടാല്‍ ഓടിയെത്തി അവന്‍ പറയും അമ്മേ, അച്ഛന്‍ അവിടെ പണി തുടങ്ങിയിട്ടുണ്ടെന്ന്. അതുപോലെ തിരിച്ചും. ഇപ്പോള്‍ ഞങ്ങളുടെ പ്ലാനും പദ്ധതിയും ഡയറ്റുമെല്ലാം അവന് മനഃപാഠമാണെന്ന് സൂര്യ പറയുന്നു. എന്നാല്‍ പുതിയ മാറ്റത്തില്‍ തങ്ങള്‍ സംതൃപ്തരാണ്. സുഹൃത്തുക്കളെല്ലാം ചോദിക്കുന്നു, എന്താ ചെയ്തത്, ഈ മാറ്റം കിട്ടാന്‍. ഭര്‍ത്താവിന്റെ പാക്കിസ്ഥാനി സുഹൃത്തുക്കള്‍ വരെ ഞങ്ങളിലെ മാറ്റംകണ്ട് മെലിയാനായി മുന്നോട്ടുവന്നിട്ടുണ്ടെന്ന് സൂര്യ കൂട്ടിച്ചേര്‍ത്തു.