മാള: ദളിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. യുവതിയുടെ ആത്മഹത്യാ പ്രേരണക്കുറ്റത്തിൽ കേസെടുത്താണ് ചെങ്ങമനാട് അടുവാശ്ശേരി സ്വദേശി വെളിയത്ത് വീട്ടിൽ ഷിതിനെ (34) ഇരിങ്ങാലക്കുട ഡിവൈഎസ്പി ടികെ ഷൈജു അറസ്റ്റ് ചെയ്തത്.
ഇയാൾക്ക് എതിരെ എസ്സി, എസ്ടി നിയമവും ഇയാൾക്കെതിരെയുണ്ട്. 2023 ഫെബ്രുവരി ഒൻപതിനാണ് സംഭവം നടന്നത്. യുവതിയുമായി പത്ത് വർഷത്തോളം പ്രണയത്തിലായിരുന്ന ഷിതിൻ വിവാഹവാഗ്ദാനം നൽകി ശാരീരികമായും മാനസികമായും പീഡിപ്പിച്ചിരുന്നെന്നാണ് വിവരം.
പിന്നീട് പെൺകുട്ടിയെ പ്രണയത്തിൽനിന്ന് ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കാൻ ശ്രമിച്ചു. ദളിത് വിഭാഗത്തിൽ പെട്ട പെൺകുട്ടി സാമ്പത്തിക പ്രയാസമുള്ള കുടുംബാംഗമായതിനാലാണ് ഇയാൾ പ്രണയത്തിൽ നിന്നും പിന്മാറിയതെന്നും സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു.
ആത്മഹത്യാകുറിപ്പിൽ നിന്നുള്ള വിവരങ്ങളാണ് കേസിൽ നിർണായകമായത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.