കോട്ടയം: കൃപാസനത്തിലെ ഉടമ്പടിയിലൂടെ ബിജെപിയിലേക്ക് പോയ മകന്‍ അനിലിനെ എകെ ആന്റണി സ്വീകരിച്ചെന്ന് ഭാര്യ എലിസബത്ത്. കൃപാസനത്തിലെ ഉടമ്പടിയിലൂടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടായെന്നും എകെ ആന്റണിയുടെ ഭാര്യ എലിസബത്ത് ആന്റണി. പ്രാര്‍ത്ഥനയ്കക്കിടെ അനുഭവസാക്ഷ്യം പങ്കുവെക്കുന്ന എലിസബത്തിന്റെ വീഡിയോ കൃപാസനം അധികൃതരാണ് സമൂഹ മാധ്യമത്തില്‍ പങ്കുവച്ചത്.
വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്. അനില്‍ ആന്റണി ബിജെപിയിലേക്ക് പോയത് എകെ ആന്റണിക്ക് ഷോക്ക് ആയിരുന്നെങ്കിലും അനിലിനെ അദ്ദേഹം സ്വീകരിച്ചു. കൃപാസനത്തിലെ പ്രാര്‍ത്ഥനയിലൂടെയാണ് മകന്റെ ബിജെപി പ്രവേശത്തിന് അനുമതി ലഭിച്ചത്. കൃപാസനത്തിലെ വൈദികനാണ് ബിജെപി പ്രവേശനത്തിന് അനുമതി നല്‍കിയത്. അതുവരെ ബിജെപിയോട് ഉണ്ടായിരുന്ന വെറുപ്പ് മാറിയെന്നും എലിസബത്ത് പറഞ്ഞു.
കൃപാസനം പ്രാര്‍ത്ഥന ചടങ്ങിന്റെ ഭാഗമായ അനുഭവസാക്ഷ്യം പറച്ചിലിന്റെ ഭാഗമായാണ് എലിസബത്ത് ഇക്കാര്യം പറഞ്ഞത്. എകെ ആന്റണിയുടെ ആരോഗ്യം വീണ്ടെടുത്തതും ആത്മവിശ്വാസം തിരികെ ലഭിച്ചതും കൃപാസനത്തിലെ ഉടമ്പടിയിലൂടെയാണ്. ബിജെപിയില്‍ മകന് നിരവധി അവസരങ്ങള്‍ ലഭിക്കും എന്നെല്ലാം വീഡിയോയില്‍ ആന്റണിയുടെ ഭാര്യ പറയുന്നുണ്ട്.
കോണ്‍ഗ്രസ് പാര്‍ട്ടിയിലാണ് ഞങ്ങള്‍ വിശ്വസിക്കുന്നതും ജീവിക്കുന്നതും. അപ്പോള്‍ ബിജെപിയില്‍ പോകുന്ന കാര്യം ആലോചിക്കാന്‍ പോലും വയ്യ. അമ്മയോട് ആലോചന ചോദിക്കാനായി വീണ്ടും ഇവിടെ വന്നു. താന്‍ നല്‍കിയ തുണ്ട് ജോസഫ് അച്ചന്‍ അമ്മയുടെ കാല്‍ക്കീഴില്‍ വെച്ച് പ്രാര്‍ത്ഥിച്ച ശേഷം പറഞ്ഞു, മകന്‍ തിരിച്ചു വരാന്‍ പ്രാര്‍ത്ഥിക്കേണ്ടെന്ന്. ബിജെപിയില്‍ മകന് നല്ലൊരു ഭാവി അമ്മ കാണിച്ചു തരും. ഉടനേ തന്നെ തന്റെ മനസ്സ് അമ്മ മാറ്റി തന്നു. ബിജെപിയോടുള്ള എല്ലാ വെറുപ്പും അറപ്പും ദേഷ്യവും എല്ലാം അമ്മ ഓണ്‍ ദി സ്‌പോട്ടില്‍ മാറ്റി തനിക്ക് വേറൊരു ഹൃദയം തന്നു.
വീടിന്റെ ക്രമസമാധാന നിലയും അമ്മയെ ഏല്‍പ്പിച്ചു. മകന്‍ ബിജെപിയിലേക്ക് പോയത് ഭര്‍ത്താവിന് വലിയ ഷോക്കായിരുന്നു. എങ്കിലും വളരെ സൗമ്യതയോടെ അദ്ദേഹം അത് തരണം ചെയ്തു. മകന്‍ വീട്ടിലേക്ക് തിരിച്ചു വരുമ്പോള്‍ പൊട്ടിത്തെറിയുണ്ടാകുമോ എന്ന് പേടിച്ചെങ്കിലും അമ്മ എല്ലാവരുടേയും മനസ്സ് ശാന്തമാക്കി. വീട്ടിലേക്ക് വരുന്നതില്‍ താന്‍ എതിരല്ലെന്നും പക്ഷേ, രാഷ്ട്രീയം മാത്രം സംസാരിക്കരുതെന്നുമാണ് അദ്ദേഹം മകനോട് പറഞ്ഞതെന്നും എലിസബത്ത് ആന്റണി പറഞ്ഞു.