ആദ്യമായെടുത്ത ബംപറില്‍ തന്നെ 25 കോടി: ടിക്കറ്റെടുത്തത് പരിക്കേറ്റ് കിടക്കുന്ന സുഹൃത്തിനെ കണ്ട് വരുമ്പോള്‍

പാലക്കാട്: ജീവിതത്തില്‍ ആദ്യമായി എടുത്ത ഓണം ബംപര്‍ തന്നെ കോടീശ്വരനാക്കിയതിന്റെ സന്തോഷത്തിലാണ് തമിഴ്‌നാട് സ്വദേശി സ്വാമിനാഥന്‍ എന്ന നടരാജന്‍. ഇത്തവണത്തെ ഓണം ബംപര്‍ അടിച്ച നാല്‍വര്‍ സംഘത്തിലെ ഒരാളാണ് സ്വാമിനാഥന്‍. മറ്റു മൂന്നുപേര്‍ക്കും രംഗത്തുവരാന്‍ കഴിയാത്തതിന് വ്യക്തിപരമായ കാരണങ്ങളുണ്ടെന്നും അദ്ദേഹം പറയുന്നു. സ്വാമിനാഥന്‍, പാണ്ഡ്യരാജ്, കുപ്പുസ്വാമി, രാമസ്വാമി എന്നിവര്‍ ചേര്‍ന്നാണ് ടിക്കറ്റെടുത്തിരുന്നത്.

അപകടത്തില്‍ പരിക്കേറ്റു കിടക്കുന്ന സുഹൃത്തിനെ കണ്ട് വരുന്ന വഴിയാണ് ടിക്കറ്റെടുത്തതെന്നും ബമ്പര്‍ റടിച്ചതില്‍ കേരള സര്‍ക്കാരിനോട് നന്ദിയുണ്ടെന്നും അറിയിച്ചു. മൂന്ന് ടിക്കറ്റുകളെടുത്തിരുന്നു. ഫലം വന്ന് അര മണിക്കൂര്‍ കഴിഞ്ഞ് ഓണ്‍ലൈനില്‍ നോക്കുമ്പോഴാണ് ബംപറടിച്ച വിവരമറിഞ്ഞത്. ടിക്കറ്റുകള്‍ മൂന്നുപേരും സഹൃത്തും ചേര്‍ന്ന് ലോട്ടറി ഓഫീസിലെത്തി കൈമാറി. പാണ്ഡ്യരാജ് ചെന്നൈയിലായതിനാല്‍ ഇദ്ദേഹം ലോട്ടറി കൈമാറാന്‍ എത്തിയിരുന്നില്ല.

ലോട്ടറി അടിച്ച വിവരം പുറത്തായാല്‍ പ്രശ്നമാകുമെന്ന് ഭയന്നാണ് മറ്റുള്ളവര്‍ മുഖം കാണിക്കാന്‍ തയ്യാറാവാത്തതെന്ന് സ്വാമിനാഥന്‍ പറഞ്ഞു. ലോട്ടറി ഓഫീസില്‍ ലോട്ടറി സമര്‍പ്പിച്ചപ്പോഴും പേര് പുറത്തു പറയരുതെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്.

റിയല്‍ എസ്റ്റേറ്റ് ജോലിക്കാരനാണ് സ്വാമിനാഥന്‍. ഓണം ബംപര്‍ ആദ്യമായിട്ടാണ് എടുക്കുന്നതെന്നാണ് ഇയാള്‍ പറഞ്ഞത്. കേരളത്തില്‍ വരുമ്പോള്‍ മറ്റു ലോട്ടറികളൊക്കെ എടുക്കാറുണ്ട്. 40 ദിവസത്തിനകം പണം ലഭിക്കുമെന്നാണ് ലോട്ടറി ഓഫീസില്‍നിന്ന് അറിയിച്ചത്. നാലുപേരും ചേര്‍ന്നുള്ള ജോയിന്റ് അക്കൗണ്ടിലേക്കാണ് പണം കൈമാറുകയെന്നും സ്വാമിനാഥന്‍ പറഞ്ഞു.

Exit mobile version