തിരുവനന്തപുരം: സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന ലോണ്‍ ആപ്പ് തട്ടിപ്പിനെതിരെ കര്‍ശന നടപടിക്കൊരുങ്ങി കേരള പോലീസ്. വെബ്‌സൈറ്റുകളും ലോണ്‍ ആപ്പുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിനും ഡൊമൈന്‍ രജിസ്ട്രാര്‍ക്കും പോലീസ് നോട്ടീസ് നല്‍കി.
കേരളാ പോലീസ് സൈബര്‍ ഓപ്പറേഷന്‍ എസ് പിയാണ് നോട്ടീസ് നല്‍കിയത്. തട്ടിപ്പ് നടത്തുന്ന ലോണ്‍ ആപ്പുകളും ട്രേഡിങ് ആപ്പുകളും നീക്കം ചെയ്യാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
അതേസമയം, അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്‌സാപ്പ് നമ്പര്‍ സംവിധാനം നിലവില്‍ വന്നു.
9497980900 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. എന്നാല്‍ ആവശ്യ സമയത്ത് പരാതിക്കാരെ പോലീസ് തിരിച്ചുവിളിച്ച് വിവരങ്ങള്‍ ശേഖരിക്കും.