കൊച്ചി: വ്ലോഗര്‍ മല്ലു ട്രാവലര്‍ ഷക്കീര്‍ സുബാനെതിരായ പീഡന പരാതിയില്‍ സൗദി യുവതിയുടെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും. എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി രണ്ടിന് മുമ്പാകെയാണ് യുവതി മൊഴി നല്‍കുന്നത്.
കൊച്ചിയിലെ ഹോട്ടല്‍ മുറിയില്‍ വച്ച് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നേരത്തെ എറണാകുളം സെന്‍ട്രല്‍ പോലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തിയിരുന്നു.
യുവതി സൗദി എംബസിക്കും, മുബൈയിലെ കോണ്‍സുലേറ്റിനും പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളും കേസിന്റെ വിവരങ്ങള്‍ ശേഖരിച്ച് വരികയാണ്.
അതേസമയം, വിദേശത്തുള്ള ഷക്കീര്‍ സുബാന് പരാതി വ്യാജമാണെന്ന വാദവുമായി രംഗത്ത് വന്നു. ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് കൊണ്ട് തന്നെ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഷക്കീര്‍ സുബാന് ഉടന്‍ കോടതിയെ സമീപിക്കും.
സെപ്റ്റംബര്‍ 13-നാണ് കേസിനാസ്പദമായ സംഭവം. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യു ട്യൂബര്‍ പീഡിപ്പിച്ചു എന്നാണ് സൗദി യുവതി നല്കിയ പരാതി.
Discussion about this post