പത്തനംതിട്ട: ജീവിതത്തില്‍ ഒരു തവണയെങ്കിലും ലോട്ടറിയില്‍ ഭാഗ്യ പരീക്ഷണത്തിന് ഒരുങ്ങാത്തവര്‍ കുറവായിരിക്കും. ഒരു അക്കത്തിന് ഭാഗ്യം തെന്നിപോയവര് ഏറെയും, പ്രതീക്ഷിച്ചിരുന്ന് നഷ്ടമായതിന്റെ പരിഭവം പങ്കിടുന്നവര്‍ അങ്ങനെ. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകാലമായി മുടങ്ങാതെ ലോട്ടറിയെടുക്കുന്ന ഒരാളുണ്ട് പത്തനംതിട്ട കുളനട സ്വദേശി രാജന്. ലോട്ടറി അടിയ്ക്കാത്തതില് ഒരു പരാതിയോ പരിഭവമോ ഇല്ലാതെ കൂള്‍ ആയിട്ടിരിക്കുന്നു.
55 വര്‍ഷമായി സ്ഥിരമായി ലോട്ടറിയെടുക്കുന്നയാളാണ് രാജന്. ഇതുവരെ ലോട്ടറി വാങ്ങാന്‍ മാത്രം 12 ലക്ഷം രൂപ ചെലവാക്കി. ഒന്നര ലക്ഷത്തിലേറെ ടിക്കറ്റുകള്‍ കൈയ്യിലുണ്ട്. പക്ഷെ രാജന് ഭാഗ്യപരീക്ഷണത്തിനപ്പുറം ലോട്ടറി ഒരു ഹോബിയാണ്.
ഇത്ര കാലം കൊണ്ട് എടുത്ത ലോട്ടറിയുടെ നല്ലൊരു ഭാഗവും രാജന് സൂക്ഷിച്ച് വച്ചിട്ടുണ്ട്. ഒന്നര ലക്ഷത്തിലേറെ ടിക്കറ്റുകളാണ് കൈയ്യിലുള്ളത്. ഭാഗ്യദേവത കടാക്ഷിച്ചില്ലെങ്കിലും ലോട്ടറി എടുക്കുന്നതില്‍ രാജന് ഒരു തരത്തിലും വിട്ടുവീഴ്ചക്കില്ല. ഇത്തവണത്തെ ഓണം ബമ്പറിന്റെ 18 ടിക്കറ്റുകളാണ് രാജന് എടുത്തത്. അതിനായി മാത്രം 9000 രൂപ മുടക്കി. എന്നിട്ട് ആകെ അടിച്ചത് 500 രൂപ മാത്രം.
ഒറ്റയക്കത്തിന് ബംപര്‍ നഷ്ടമായ അനുഭവങ്ങള്‍ ഒരുപാടുണ്ട്. വിവാദമായ സ്പോര്‍ട്സ് ലോട്ടറി, പൊലീസ് ലോട്ടറി തുടങ്ങി ഇതര സംസ്ഥാന ലോട്ടറികള്‍ വരെ രാജന്റെ കൈയ്യിലുണ്ട്. സര്‍ക്കാര്‍ ജീവനക്കാരനായിരുന്ന രാജന് ഇപ്പോള്‍ വിശ്രമജീവിതത്തിലും ഹോബി തുടരുകയാണ്.
Discussion about this post