കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ മോഷണക്കേസ് പ്രതി പോലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ പ്രതിക്കെതിരെ കാപ്പ ചുമത്തും. സ്ഥിരം കുറ്റവാളിയായ മുഹമ്മദ് തായിഫ് 21 കേസുകളില്‍ പ്രതിയാണ്. തായിഫ് ഉള്‍പ്പെടെ 7 മോഷ്ടാക്കളെയാണ് ഇന്നലെ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും പോലീസ് പിടികൂടിയത്.
കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷ്ടിച്ച കേസില്‍ മുഹമ്മദ് തായിഫിനെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സന്ദീപിന് കുത്തേറ്റത്.
പിന്നാലെ ഇയാളെ മാനാഞ്ചിറയിലെ കോംട്രസ്റ്റ് കെട്ടിടത്തിലെ കാടു മൂടിക്കിടക്കുന്ന ഭാഗത്തുനിന്നും പോലീസ് സാഹസികമായി കീഴടക്കി. തായിഫിന്റെ കൂട്ടാളികളായ അക്ഷയ് കുമാര്‍, മുഹമ്മദ് ഷിഹാല്‍ എന്നിവരെ നേരത്തെ തന്നെ പോലീസ് പിടികൂടിയിരുന്നു.
ജയിലിലായിരുന്ന തായിഫ് മൂന്നാഴ്ചമുമ്പാണ് ജാമ്യത്തിലിറങ്ങിയത്. 19 വയസ് മാത്രമാണ് പ്രായമെങ്കിലും സ്വന്തം പേരിലുള്ളത് 21 കേസുകളാണ്. തായിഫും കൂട്ടാളികളും ചേര്‍ന്ന് മൂന്ന് ദിവസം മുമ്പാണ് വേങ്ങേരിയില്‍ നിന്നും സ്കൂട്ടര്‍ മോഷ്ടിച്ചത്. ഈ സ്കൂട്ടറില്‍ മലപ്പുറം വള്ളുവമ്പ്രത്തെത്തിയ സംഘം മറ്റൊരു പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് കോഴിക്കോട്ടേക്ക് മടങ്ങി. പള്‍സര്‍ ബൈക്കുകള്‍ തെരഞ്ഞ് പിടിച്ച് മോഷ്ടിക്കുകയാണ് സംഘത്തിന്റെ പതിവ്.
Discussion about this post