തിരുവനന്തപുരം: വീണ്ടും ലോണ്‍ ആപ്പിന്റെ കെണിയില്‍ പെട്ട് യുവതി. ഹീറോ റുപ്പി എന്ന ഓണ്‍ലൈന്‍ ആപ്പിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് വെങ്ങാനൂര്‍ സ്വദേശിനിയായ യുവതി.
തന്റെ ബാങ്ക് അക്കൗണ്ടില്‍ ആവശ്യപ്പെടാതെ തന്നെ പണം അയച്ച ശേഷം കഴുത്തറുപ്പന്‍ പലിശ സഹിതം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുവെന്നാണ് യുവതിയുടെ പരാതി. ഓണ്‍ലൈന്‍ തട്ടിപ്പുകാര്‍ നിരന്തരം ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന് യുവതി വിഴിഞ്ഞം പോലീസില്‍ പരാതി നല്‍കി.
കഴിഞ്ഞ ആഗസ്റ്റ് മാസം 31ന് ഹീറോ റുപ്പി എന്ന ഓണ്‍ലൈന്‍ ആപ്പ് വഴി യുവതി 2500 രൂപ ലോണ്‍ ആയി എടുത്തിരുന്നു. ഇത് അഞ്ച് ദിവസത്തിനുള്ളില്‍ പലിശ ഉള്‍പ്പെടെ 3900 രൂപ തിരിച്ചടക്കണമെന്ന് പണം നല്‍കിയ ശേഷം യുവതിക്ക് നിര്‍ദ്ദേശം നല്‍കി. ഇതോടെ തട്ടിപ്പ് മനസിലാക്കിയ എടുത്ത ലോണ്‍ പലിശയടക്കം തിരിച്ചടച്ചു.
വീണ്ടും ലോണ്‍ നല്‍കാമെന്ന ഓണ്‍ലൈന്‍ സംഘത്തിന്റെ വാഗ്ദാനം നിരസിച്ചെങ്കിലും യുവതിയുടെ അനുവാദമില്ലാതെ തട്ടിപ്പുകാര്‍ നാലായിരത്തോളം രൂപ വീണ്ടും അക്കൗണ്ടിലിട്ട് നല്‍കി ഭീഷണിപ്പെടുത്തി കൊള്ളപ്പലിശ സഹിതം ഈടാക്കി.
അപകടം മനസിലാക്കിയ യുവതി ഇനി പണം വേണ്ടെന്നറിയിച്ചശേഷം മൊബൈലില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡിലീറ്റ് ചെയ്തു. എന്നാള്‍ വീണ്ടും അക്കൗണ്ടിലേക്ക് പണമയച്ച തട്ടിപ്പുകാര്‍ പലിശ ഉള്‍പ്പെടെ വേണമെന്ന് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ സഹിതം ബന്ധുക്കള്‍ക്ക് അയച്ച് കൊടുക്കുമെന്നാണ് ഭീഷണി. ഹിന്ദിയില്‍ സംസാരിക്കുന്ന ആളുകള്‍ നിരന്തരം ഫോണില്‍ വിളിച്ച് ഭീഷണി ഉയര്‍ത്തുന്നുമുണ്ട്. അതേസമയം, പരാതി ലഭിച്ചതായും കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും വിഴിഞ്ഞം പോലീസ് അറിയിച്ചു.
അതേസമയം അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക വാട്‌സാപ്പ് നമ്പര്‍ സംവിധാനം സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നിലവില്‍ വന്നിരുന്നു. 9497980900 എന്ന നമ്പറില്‍ 24 മണിക്കൂറും പോലീസിനെ വാട്‌സാപ്പില്‍ ബന്ധപ്പെട്ട് വിവരങ്ങള്‍ കൈമാറാം. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നല്‍കാന്‍ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല.