പാലക്കാട്: പാലക്കയത്ത് ഉരുൾപൊട്ടലുണ്ടായി. പാണ്ടൻ മലയിലാണ് ഉരുൾപൊട്ടലുണ്ടായത്. ഉൾക്കാട്ടിനുളളിൽ കനത്ത മഴ പെയ്തുകൊണ്ടിരിക്കുകയാണ്. പ്രദേശത്തെ വീടുകളിലും കടകളിലും വെള്ളം കയറിയിരിക്കുകയാണ്.
പ്രദേശത്ത് ഇപ്പോഴും കനത്ത മഴ തുടരുകയാണ്. പുഴയിലെ ജലനിരപ്പ് ഉയർന്നു. കാഞ്ഞിരപ്പുഴ ഡാമിലും ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. ഡാമിലെ ജലനിരപ്പ് അതിവേഗം ഉയരുന്നതിനാൽ മൂന്ന് ഷട്ടറുകൾ 60 -70 സെ.മിയോളം ഉയർത്താൻ സാധ്യതയുള്ളതായി എക്‌സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.
കാഞ്ഞിരപ്പുഴ മണ്ണാർക്കാട് നെല്ലിപ്പുഴ, കുന്തിപ്പുഴ തൂതപ്പുഴ ഭാഗത്ത് ഉള്ളവർ ജാഗ്രത പാലിക്കേണ്ടതുണ്ടെന്നും എക്‌സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു. ഇരുമ്പാമുട്ടിയിൽ പുഴയ്ക്ക് അക്കരെ രണ്ടു പേർ കുടുങ്ങിക്കിടക്കുന്നെന്ന വിവരമറിഞ്ഞ് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. 3.30 മുതൽ ഇവിടെ മഴ തുടങ്ങിയിരുന്നു. കാർമൽ സ്‌കൂൾ മുറ്റത്തും പള്ളി മുറ്റത്തു വെള്ളം കയറിയ നിലയിലാണ്.
മഴ തുടരുന്ന സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ജില്ലാകളക്ടർ അറിയിച്ചു. എന്നാൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും കളക്ടർ അറിയിച്ചു.വില്ലേജ് ഓഫീസറും അഗ്‌നിരക്ഷാ സേനയും സ്ഥലത്തുണ്ട്. ഡാമിൽ ജലനിരപ്പ് ഉയർന്നുവരുന്ന സാഹചര്യത്തിൽ ജനങ്ങൾ പുഴയിൽ ഇറങ്ങരുതെന്നും ജില്ലാ കലക്ടർ മുന്നറിയിപ്പ് നൽകി.