ന്യൂഡൽഹി: ബിജെപി നേതാവായ നടൻ സുരേഷ് ഗോപി, തന്നെ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് അധ്യക്ഷനായി നിയമിച്ചതിൽ അതൃപ്തനാണെന്ന റിപ്പോർട്ട്. ഇതിനിടെ സുരേഷ് ഗോപിയെ അധ്യക്ഷനാക്കിയതിനെതിരെ വിദ്യാർത്ഥികളും പ്രതിഷേധത്തിലാണ്. സുരേഷ് ഗോപിയെ പോലെ ഒരു ബിജെപി നേതാവിനെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനാക്കിയ തീരുമാനത്തെ എതിർക്കുന്നതായി വിദ്യാർത്ഥി യൂണിയൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
ഹിന്ദുത്വ ആശയവുമായും ബിജെപിയുമായുമുള്ള സുരേഷ് ഗോപിയുടെ ബന്ധം വിദ്യാർത്ഥികളിൽ ആശങ്ക നിറയ്ക്കുകയാണ്. രാജ്യത്തിന്റെ മതേതര കാഴ്ചപ്പാടിനു ഭീഷണിയാകുന്ന പ്രസ്താവനകൾ നടത്തിയിട്ടുള്ള വ്യക്തിയാണ് സുരേഷ് ഗോപി. ധ്രുവീകരണത്തിന്റെ പേരിൽ വിമർശിക്കപ്പെടുന്ന ഒരു രാഷ്ട്രീയ പാർട്ടിയുമായി ചേർന്നുനിൽക്കുന്ന വ്യക്തിയെന്ന നിലയിൽ, ഇൻസ്റ്റിറ്റ്യൂട്ട് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്തേക്കാമെന്ന ആശങ്കയാണ് വിദ്യാർത്ഥി യൂണിയൻ പങ്കുവെച്ചത്.
സുരേഷ് ഗോപിയെ അധ്യക്ഷനായി നിയമിച്ചത് സ്ഥാപനത്തിന്റെ സൽപ്പേരിനെയും, വിദ്യാർഥികൾക്ക് തുല്യമായ ഇടം നൽകി ഒരുമിച്ചു വളരാൻ അവസരം നൽകുന്ന സ്ഥാപനത്തിന്റെ മികവിനെയും ബാധിക്കുമെന്നാണ് ഇവർ പറയുന്നത്.
ഈ സാഹചര്യത്തിൽ സത്യജിത്ത് റേ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഇതുവരെ ഉയർത്തിപ്പിടിച്ച മൂല്യങ്ങൾക്ക് വില കൽപ്പിക്കുന്ന വ്യക്തിയെയാണ് സ്ഥാപനത്തിന്റെ അധ്യക്ഷനായി വേണ്ടതെന്നും വിദ്യാർത്ഥികൾ ആവശ്യം ഉന്നയിച്ചു.
മൂന്നു വർഷത്തെ കാലയളവിലാണ് സുരേഷ് ഗോപിയെ ഇൻസ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേണിങ് കൗൺസിൽ ചെയർമാൻ ചുമതലയും സുരേഷ് ഗോപിക്കാണ്. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് സുരേഷ് ഗോപിയുടെ പുതിയ ചുമതല വെളിപ്പെടുത്തി വിവരം എക്സ് പ്ലാറ്റ്ഫോമിൽ (ട്വിറ്റർ) പങ്കുവച്ചത്.
Discussion about this post