നടൻ ഭീമൻ രഘുവിന്റെ രാഷ്ട്രീയ പ്രസ്താവനകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ംസസ്ഥആന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങിനിടെ എഴുന്നേറ്റ് നിന്ന സംഭവത്തിന് പിന്നാലെ വീണ്ടും വാർത്തയിൽ നിറഞ്ഞ് ഭീമൻ രഘു. സിപിഎം ംപതാക കൈയ്യിലെടുത്ത് പുതിയ സിനിമയ്ക്ക് പ്രചരണം നടത്തുകയാണ് താരം.
നേരത്തെ എകെജി സെന്ററിലെത്തി പാർട്ട് അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പാർട്ടി പതാകയുമായി പുറത്തെത്തിയിരുന്നു. ഇപ്പോൾ വീണ്ടും താരം പതാകയുമായി രംഗത്തെത്തിയിരിക്കുകയാണ്. മിസ്റ്റർ ഹാക്കർ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണത്തിനാണ് അദ്ദേഹം സിപിഎമ്മിന്റെ പാർട്ടി കൊടിയുമേന്തിയെത്തിയത്.
കോളേജിൽ പഠിക്കുമ്പോൾ തനിക്ക് ഇടതുപക്ഷ ചായ്വുണ്ടായിരുന്നുവെന്നും അതിനുശേഷം രാഷ്ട്രീയത്തിലേക്കൊന്നും ഇറങ്ങിയില്ലെന്നും അദ്ദേഹം പറഞ്ഞു. പിന്നെ അപ്രതീക്ഷിതമായാണ് ബിജെപിയിൽ എത്തുന്നത്. അവിടെയും മനോഹരമായി പ്രവർത്തിച്ചു.
കേരള ബിജെപിയിൽ പ്രശ്‌നമാണെന്നും ഒരു കോക്കസ് വച്ച് കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പുതുപ്പള്ളി ഇലക്ഷനിൽ കെട്ടിവച്ച കാശ് പോലും കിട്ടിയോ എന്ന് അദ്ദേഹം ചോദിച്ചു. താൻ ബിജെപിയിൽ ഉണ്ടായിരുന്ന സമയത്ത് ഒരു നേതാവ് പോലും ഫോൺ എടുക്കാറില്ല. ഓഫീസിൽ പോയാലും ആരെയും കാണാറില്ല. അങ്ങനെ പലപ്പോഴും തന്നെ ഒഴിവാക്കി. അതോടെ മാനസികമായുള്ള വെറുപ്പ് കൂടി വന്നുവെന്നും താരം പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പിലും കേരളം ഇടതുപക്ഷം പിടിക്കും. യാതൊരു സംശയവുമില്ലെന്നും ഭീമൻ രഘു പറഞ്ഞു. മിസ്റ്റർ ഹാക്കർ എന്ന സിനിമയിലും സഖാവ് ആയാണ് വേഷമിടുന്നത്. ഈ സിനിമ സഖാവിന്റെ സിനിമയാണ്. താൻ പറഞ്ഞിട്ടാണ് കൊടി കൊണ്ടുവന്നത്. ഇയാൾ എന്തിനാണ് ഈ കൊടി വച്ചിറങ്ങുന്നതെന്ന് ആളുകൾ ചോദിക്കുമല്ലോ. അവിടെയും ചർച്ചയാകുമല്ലോ എന്നും ഭീമൻ രഘു വ്യക്തമാക്കി.
ഹാരിസ് കല്ലാർ കഥയും തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ‘മിസ്റ്റർ ഹാക്കർ’ സെപ്റ്റംബർ 22ന് തിയേറ്ററുകളിലെത്തുന്നത്.