കൊച്ചി: എല്ലാ കേസുകളിലും ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാവില്ലെന്ന് ഹൈക്കോടതി. പിതൃത്വത്തില്‍ സംശയമുണ്ട് എന്നതിന്റെ പേരില്‍ മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടാനാകില്ലെന്നും അനിവാര്യമായ, അപൂര്‍വവും അസാധാരണവുമായ കേസുകളില്‍മാത്രമേ ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ പരിശോധനകള്‍ക്ക് ഉത്തരവിടാവൂവെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.
പ്രവാസി മലയാളിയായ യുവാവ് നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. പിതൃത്വപരിശോധനയ്ക്ക് ഉത്തരവിടണമെന്ന ആവശ്യം തള്ളിയ പറവൂര്‍ കുടുംബകോടതി വിധിക്കെതിരെയാണ് യുവാവ് അപ്പീല്‍ നല്‍കിയത്.
സംശയത്തിന്റെ അടിസ്ഥാനത്തില്‍മാത്രം ഡിഎന്‍എ പരിശോധനയ്ക്ക് ഉത്തരവിടരുതെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ 2004ലാണ് വിവാഹിതനായത്. രണ്ടുതവണ ഭാര്യയെ വിദേശത്ത് കൊണ്ടുപോയി. 2005 ഫെബ്രുവരി 12 മുതല്‍ മെയ് 12 വരെ ഇരുവരും ഒമാനില്‍ താമസിച്ചിരുന്നു.
2006ല്‍ ഇവര്‍ക്ക് കുഞ്ഞ് ജനിച്ചു. മാനസികപ്രശ്നങ്ങളുള്ള ഭാര്യയുമായി ശാരീരികബന്ധത്തിന് സാധ്യതയില്ലാത്തതിനാല്‍ ഇരുവരും പിന്നീട് വേര്‍പിരിഞ്ഞു. ഇതിനുശേഷം കുട്ടിയുടെ പിതൃത്വത്തില്‍ സംശയമുന്നയിച്ച യുവാവ്, ഡിഎന്‍എ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പറവൂര്‍ കുടുംബകോടതിയെ സമീപിക്കുകയായിരുന്നു.