വയനാട്: പനവല്ലിയില്‍ നായയ്ക്ക് പിറകെ വീടിനുള്ളിലേക്ക് കുതിച്ചെത്തി കടുവ. വ്യാഴാഴ്ച്ച രാത്രി ഒമ്പത് മണിയോടെയായിരുന്നു ഭയപ്പെടുത്തുന്ന സംഭവം അരങ്ങേറിയത്. പനവല്ലി പുഴക്കര കോളനിയിലെ കയമയുടെ വീട്ടിനുള്ളിലേക്കാണ് കടുവ കയറിയത്. ഈ സമയത്ത് വീടിനുള്ളില്‍ ആളുകള്‍ ഉണ്ടായിരുന്നെങ്കിലും തലനാരിഴയ്ക്കാണ് കടുവയുടെ ആക്രമണത്തില്‍ നിന്ന് വീട്ടുകാര്‍ രക്ഷപ്പെട്ടത്.
കയമയും ഭാര്യയും വീടിന് പുറത്ത് ഇരിക്കുമ്പോഴാണ് മുരള്‍ച്ചയോടെ കടുവ എത്തിയത്. ഒരു പട്ടിയെ ഓടിച്ചു കൊണ്ട് കടുവ വീടിനുള്ളിലേക്ക് കുതിച്ച് കയറുകയായിരുന്നു.
വീടിന്റെ മുന്‍ഭാഗത്ത് ഇരിക്കുകയായിരുന്ന കയമയെയും ഭാര്യയെയും കണ്ടതോടെ ഇവരുടെ നേരെയും കടുവ അലറി അടുത്തു. ഓടി മാറാന്‍ പോലും സമയം കിട്ടുന്നതിന് മുമ്പ് കടുവ വീടിനകത്തേക്ക് എത്തിയിരുന്നു. കയമയുടെ ഭാര്യയുടെ തലക്കുമുകളിലൂടെയാണ് കടുവ അകത്തേക്ക് ചാടിപോയത്.
കടുവയുടെ അലര്‍ച്ചകേട്ട് വീടിന് അകത്തുണ്ടായിരുന്ന മകന്‍ വാതിലിന് പിന്നില്‍ ഒളിക്കുകയായിരുന്നു. ഇവരുടെ ഇളയമകന്‍ മച്ചിന് മുകളിലേക്ക് കയറിയെന്നും അതുകൊണ്ടാണ് മക്കള്‍ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടതെന്നും കയമ പറഞ്ഞു.
അടുക്കള വരെ എത്തിയ കടുവ അല്‍പ്പസമയം കൊണ്ട് തന്നെ തിരിച്ച് കോലായ വഴി പുറത്തിറങ്ങി. ശക്തമായ ചാട്ടത്തില്‍ കടുവയുടെ നഖമുരഞ്ഞ പാടുകള്‍ കോലായിലും വീടനകത്തും ഉണ്ട്. സംഭവമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും വാച്ചര്‍മാരും സ്ഥലത്തെത്തി.