അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ യാത്ര ചെയ്ത 10വയസ്സുകാരന്‍ ബസ് ഇടിച്ച് മരിച്ചു, അപകട കാരണം ബസിന്റെ അമിത വേഗത, ഡ്രൈവര്‍ അറസ്റ്റില്‍

അപകടമുണ്ടാക്കിയ സ്വകാര്യ ബസ്സിന്റെ ഡ്രൈവര്‍ ഇടവ വെണ്‍കുളം വയല്‍ത്തൊടി വീട്ടില്‍ മഹേഷ് (23) ആണ് അറസ്റ്റിലായത്

തിരുവനന്തപുരം: വര്‍ക്കലയില്‍ അമ്മക്കൊപ്പം സ്‌കൂട്ടറില്‍ സഞ്ചരിക്കവെ അമിതവേഗത്തില്‍ ഓവര്‍ടേക്ക് ചെയ്ത ബസ് ഇടിച്ച് 10 വയസ്സുകാരന് ദാരുണാന്ത്യം. സംഭവത്തില്‍ ബസ് ഡ്രൈവറെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. അപകടമുണ്ടാക്കിയ സ്വകാര്യ ബസ്സിന്റെ ഡ്രൈവര്‍ ഇടവ വെണ്‍കുളം വയല്‍ത്തൊടി വീട്ടില്‍ മഹേഷ് (23) ആണ് അറസ്റ്റിലായത്.

വര്‍ക്കല ആയൂര്‍വേദ ആശുപത്രിക്ക് സമീപത്താണ് അപകടം നടന്നത്. കല്ലമ്പലം പുതുശ്ശേരിമുക്ക് കരിക്കകത്തില്‍ പണയില്‍ വീട്ടില്‍ മുഹമ്മദ് ഷായുടെയും താഹിറയുടെയും മൂന്ന് മക്കളില്‍ രണ്ടാമനായ മുഹമ്മദ് ഫര്‍ഹാന്‍(10) ആണ് മരിച്ചത്.

ബസ് അമിത വേഗത്തില്‍ എത്തിയതായിരുന്നു അപകട കാരണം. ബസ്സിനടിയില്‍ വീണ പത്തുവയസ്സുകാരനായ ഫര്‍ഹാന്റെ തലയിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നു. അപകടം നടന്നയുടന്‍ ബസ് ഉപേക്ഷിച്ച് ജീവനക്കാര്‍ ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.

ALSO READ ഹരിതകര്‍മ്മ സേന അംഗങ്ങള്‍ക്ക് മാലിന്യത്തില്‍ നിന്ന് കിട്ടിയത് 10 പവന്‍; ഉടമയെ കണ്ടെത്തി തിരിച്ചുനല്‍കി രാധയും ഷൈബയും, അഭിനന്ദിച്ച് മന്ത്രി എംബി രാജേഷ്

ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് ഡ്രൈവര്‍ മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്. നരഹത്യക്കാണ് പോലീസ് കേസ്സെടുത്തിട്ടുള്ളത്. ഇയാളെ വര്‍ക്കല കോടതിയില്‍ ഹാജരാക്കി.

Exit mobile version