പാലക്കാട്: മുൻപ് പലവട്ടം ബമ്പർ സമ്മാനങ്ങളും മറ്റ് ലോട്ടറികളുടെ ഒന്നാം സമ്മാനവുമെല്ലാം കരസ്ഥമാക്കിയ ചരിത്രമുണ്ട് പാലക്കാട് ജില്ലയ്ക്ക്. ഏറ്റവുമധികം ലോട്ടറി ടിക്കറ്റുകൾ വിൽപനയ്‌ക്കെത്തുന്ന സ്ഥലമായതുകൊണ്ട് സമ്മാനമടിക്കുന്നതും തുടർക്കഥയാണ്.കേരളത്തിൽത്തന്നെ മറ്റ് ജില്ലക്കാരിൽ പലരും പാലക്കാട്ടെ ടിക്കറ്റ് തേടിയെത്തുന്നുണ്ടെന്നും വിൽപനക്കാർ പറയുന്നു.
ഇത്തവണ ഓണം ബമ്പറാണ് പാലക്കാടിനെ തേടിയെത്തിയിരിക്കുന്നത്. പാലക്കാട്ടെ ടിക്കറ്റുകൾക്ക് സമ്മാനമടിക്കുമെന്ന വിശ്വാസം മുൻപ് തന്നെയുണ്ട്. അതുകൊണ്ടാവാം ഭാഗ്യാന്വേഷികളിൽ പലരും ലോട്ടറി ടിക്കറ്റെടുക്കാൻ പാലക്കാട് തിരഞ്ഞെടുക്കാൻ കാരണംമാകുന്നതും.
മലപ്പുറത്തെ ഹരിതകർമസേനയ്ക്ക് മൺസൂൺ ബമ്പറിന്റെ ഒന്നാം സമ്മാനമായ പത്തുകോടി രൂപ ലഭിച്ചപ്പോഴും പാലക്കാടിന്റെ സാന്നിധ്യം സമ്മാനത്തിലുണ്ടായിരുന്നു. അന്ന് പാലക്കാട്ടുനിന്ന് വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.
ഇപ്പോഴാകട്ടെ, പാലക്കാട് വിറ്റ ഓണം ബമ്പറിനാണ് ഒന്നാം സമ്മാനവും. കോഴിക്കോട്ടുനിന്ന് പാലക്കാട്ടേക്ക് സബ് ഏജന്റ് വാങ്ങിക്കൊണ്ടുവന്ന് വിറ്റതാണെന്ന വ്യത്യാസം മാത്രം. പാലക്കാട് അതിർത്തിയായ വളയാറിൽ വിറ്റ ടിക്കറ്റിനാണ് 25 കോടി രൂപയുടെ ഒന്നാംസമ്മാനം ലഭിച്ചത്.
പാലക്കാട് തമിഴ്‌നാടുമായി അതിർത്തിപങ്കിടുന്നതുകൊണ്ട് തന്നെ ഇതരസംസ്ഥാനക്കാരും ലോട്ടറി വാങ്ങാനെത്തു. അതുകൊണ്ട് കൂടിയാണ് പാലക്കാട് വിൽപന കൂടുന്നത്. അതിർത്തിപ്രദേശങ്ങളിലെ തമിഴ് ജനത മാത്രമല്ല, തമിഴ്‌നാട്ടിലെ വിവിധ ഭാഗങ്ങളിലേക്കും കേരള ലോട്ടറി വാങ്ങിക്കൊണ്ടുപോകാറുണ്ട്.
ഇത്തരത്തിൽ ടിക്കറ്റ് വാങ്ങിക്കൊണ്ടുപോയ ആളാണെ വിജയി എന്നാണ് ഉയരുന്ന സംശയം. ഓണം ബമ്പർ ഒന്നാം സമ്മാനത്തിന് അർഹമായ ഭാഗ്യക്കുറി വാളയാറിലെ ബാവാ ഏജൻസീസിൽനിന്നു വാങ്ങിയത് കോയമ്പത്തൂർ അന്നൂർ സ്വദേശി നടരാജ് ആണെന്നാണ് സൂചന. ഏജൻസിക്ക് കമ്മീഷനായി ലഭിക്കുക രണ്ടരക്കോടി രൂപയാണ്.
എന്നാലും ഇതിൽ വ്യക്തത വന്നിട്ടില്ല. ടിക്കറ്റെടുക്കുമ്പോൾ ഇയാൾ നൽകിയ പേരാണ് ഗോകുലം നടരാജ്. ഇയാളുടെ യഥാർഥപേര് നടരാജ് എന്നുതന്നെയാണോ, ഇയാൾ തന്നെയാണോ ടിക്കറ്റ് കൈവശം വെച്ചിരിക്കുന്നത്, വേറെയാർക്കെങ്കിലും വിറ്റോ എന്നതും അറിവായിട്ടില്ല.
പാലക്കാട് ജില്ലയിൽ മാത്രം ഓണം ബമ്പറിന്റെ 12 ലക്ഷത്തോളം ടിക്കറ്റുകളാണ് വിറ്റത്. സംസ്ഥാനത്താകെ വിറ്റത് 75 ലക്ഷത്തിലേറെ ടിക്കറ്റുകളും. വിൽപനയിൽ പാലക്കാട് സംസ്ഥാനത്ത് ഒന്നാമതെത്തി. ജില്ലാ ലോട്ടറി ഓഫീസിൽ 7,23,300 ടിക്കറ്റുകൾ വിറ്റു. ചിറ്റൂർ, പട്ടാമ്പി സബ് ഓഫീസുകളിൽ യഥാക്രമം 2,09,450, 2,37,300 ടിക്കറ്റുകളും വിറ്റു. കഴിഞ്ഞവർഷവും ഓണം ബമ്പർ ടിക്കറ്റ് സംസ്ഥാനത്ത് വിൽപന കൂടുതൽ പാലക്കാടായിരുന്നു.
Discussion about this post