ഇടുക്കി: അഭിമന്യുവിന്റെ കുടുംബത്തിന് ഒറ്റ മുറി വീട്ടില്‍ നിന്ന് വൈകാതെ മോചനം. കുടുംബത്തിനായി സിപിഎം വട്ടവടയില്‍ നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം ഈ മാസം 14 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
അഭിമന്യുവിന്റെ സ്വപ്നങ്ങളില്‍ ഒന്നായിരുന്നു പുതിയൊരു വീടെന്നത്. രക്ഷിതാക്കളായ മനോഹരന്‍, ഭൂപതി, സഹോദരങ്ങളായ പരിജിത്, കൗസല്യ എന്നിവര്‍ക്കൊപ്പം നല്ല നിലയില്‍ ജീവിക്കണമെന്ന അവന്റെ ആഗ്രഹങ്ങള്‍ പക്ഷേ പൂവണിഞ്ഞില്ല. അതിന് മുമ്പേ മഹാരാജാസ് കോളേജില്‍ വെച്ച് എസ്ഡിപിഐ പ്രവര്‍ത്തകരുടെ കത്തിക്ക് ഇരയാവുകയായിരുന്നു അഭിമന്യൂ.
എസ്എഫ്ഐ നേതാവായിരുന്ന അഭിമന്യുവിനെ ജൂലൈ രണ്ടിനാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കുത്തി കൊലപ്പെടുത്തിയത്. അവന്‍ ബാക്കിവച്ചുപോയ ആഗ്രഹങ്ങളുടെ പൂര്‍ത്തീകരണം പിന്നീട് സിപിഎം ഏറ്റെടുക്കുകയായിരുന്നു.
സഹോദരന് ജോലി നല്‍കിയതിനൊപ്പം സഹോദരിയുടെ വിവാഹം നടത്തിക്കൊടുത്തതും പാര്‍ട്ടി തന്നെ. ഇതിന്റെ തുടര്‍ച്ചയായാണ് വീട് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റര്‍ മാത്രം അകലെയാണ് പുതിയ വീട്. പത്തര സെന്റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. വീടിനും സ്ഥലത്തിനുമായി സിപിഎം 40 ലക്ഷം രൂപ ചെലവിട്ടു. അഭിമന്യുവിന്റെ ഓര്‍മ്മകള്‍ നിലനിര്‍ത്തി പാര്‍ട്ടി എല്ലാം ഒരുക്കുമ്പോഴും അഭിമന്യുവിന്റെ വേര്‍പാടിന്റെ വേദന കുടുംബത്തെ വിട്ടൊഴിയുന്നില്ല.
ജനുവരി 14ലെ ചടങ്ങില്‍ മുഖ്യമന്ത്രിയ്‌ക്കൊപ്പം സിപിഎമ്മിന്റെ പ്രമുഖ നേതാക്കളും പങ്കെടുക്കും. പാര്‍ട്ടി സ്വരൂപിച്ച സഹായ നിധിയും ചടങ്ങില്‍ മുഖ്യമന്ത്രി കൈമാറും.