തൃശൂര്‍: സ്‌കോര്‍പിയോ കാര്‍ ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. പാവറട്ടി മുട്ടത്ത് വീട്ടില്‍ സീജോ (52) ആണ് മരിച്ചത്. മണ്ണുത്തി -വടക്കുഞ്ചേരി ദേശീയപാതയിലാണ് അപകടം ഉണ്ടായത്.
ചുവന്നമണ്ണ് സെന്ററില്‍ യു ടേണ്‍ തിരിയുന്നതിനായി സ്ലോ ട്രാക്കില്‍ നിന്നും സ്പീഡ് ട്രാക്കിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്ന സീജോയുടെ ബൈക്കില്‍ സ്പീഡ് ട്രാക്കിലൂടെ വരികയായിരുന്ന സ്‌കോര്‍പിയോ കാര്‍ ഇടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് സീജോ റോഡിലേക്ക് തെറിച്ചുവീണു. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച് സീജോയുടെ ദേഹത്തേക്ക് മറിയുകയും ചെയ്തു. ഇതേതുടര്‍ന്ന് ഗുരുതരമായി പരുക്കേറ്റ സീജോയെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സെല്‍സര്‍ വാട്ടര്‍ ടാങ്ക് സെയില്‍സ് എക്സിക്യൂട്ടീവാണ് അപകടത്തില്‍ മരിച്ച സീജോ. കാര്‍ ഓടിച്ചിരുന്ന നേവി ഓഫീസര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
അതേസമയം, ചുവന്നമണ്ണ് പാലത്തിന് താഴെയുള്ള ഡിവൈഡറുകള്‍ ദേശീയപാത നിര്‍മാണത്തെ തുടര്‍ന്ന് പൊളിച്ചുമാറ്റിയതാണ് അപകടമുണ്ടാകാന്‍ വഴിയൊരുക്കിയതെന്ന് നാട്ടുകാര്‍ പറഞ്ഞു.