തിരുവനന്തപുരം: ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് ജാതീയമായ വിവേചനം നേരിടേണ്ടിവന്ന സംഭവത്തില്‍ പ്രതികരിച്ച് നടന് സുബീഷ് സുധി. സംഭവത്തില്‍ അതിയായ ദു:ഖമുണ്ടെന്ന് നടന് പറഞ്ഞു.
താന്‍ തൊഴാന്‍ പോയിട്ടുള്ള അമ്പലത്തില്‍ നിന്ന് അനുഭവപ്പെട്ട വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടില്‍ നിന്നായതില്‍ ലജ്ജിക്കുന്നുവെന്നും സുബീഷ് സുധി കൂട്ടിച്ചേര്‍ത്തു.
പ്രിയപ്പെട്ട സഖാവേ..
മനുഷ്യത്വത്തിന് മുന്നില്‍ ജാതിയും മതവുമില്ലെന്ന് എന്നെ പഠിപ്പിച്ച പയ്യന്നൂരില്‍ നിന്ന് താങ്കള്‍ക്കുണ്ടായ ദുരനുഭവത്തിന് വ്യക്തിപരമായി ഏറെ ഖേദം രേഖപ്പെടുത്തുന്നു. ഒപ്പം അങ്ങേയറ്റം രോഷവും പ്രതിഷേധവും അറിയിക്കുന്നു.
പയ്യന്നൂര്‍ പെരുമാള്‍ക്ക് നേദിക്കാന്‍ മുസ്ലിം കുടുംബത്തില്‍ നിന്ന് പഞ്ചസാര കൊണ്ടുവരുന്ന മത മൈത്രിയുടെ പാഠങ്ങള്‍ കണ്ടാണ് ഞങ്ങള്‍ വളര്‍ന്നത്. അമ്പലവും പള്ളിയും ചര്‍ച്ചും ഞങ്ങള്‍ക്ക് കൂട്ടായ്മയുടെ തുരുത്തുകളാണ്. പലപ്പോഴായി ഞാന്‍ തൊഴാന്‍ പോയിട്ടുള്ള അമ്പലത്തില്‍ നിന്ന് താങ്കള്‍ക്ക് അനുഭവപ്പെട്ട വിവേചനം പുരോഗമന ചിന്ത വിത്തെറിഞ്ഞ നാട്ടില്‍ നിന്നായതില്‍ ഞാന്‍ ലജ്ജിക്കുന്നു.. ഇത്തരം വിഷക്കൂടുകള്‍ ശാന്തി നടത്തുന്ന അമ്പലത്തില്‍ ഇനി ഞാന്‍ പോകില്ല.
പയ്യന്നൂര്‍ എന്ന് എതവസരത്തിലും ഉയിര് പോലെ ഉയര്‍ത്തിക്കാട്ടുന്ന എനിക്ക് താങ്കള്‍ക്കുണ്ടായ പ്രയാസത്തില്‍ അതീവ ദുഃഖമുണ്ട്. ഏതെങ്കിലും 2 കൃമികളുടെ ദുഷ്പ്രവൃത്തി നാടിന്റെ മുഖമായോ മനസ്സായോ ആരും ഉയര്‍ത്തിക്കാട്ടരുത്.. ഇത്തരം ചിന്താഗതിക്കാരെ ഒറ്റപ്പെടുത്തി വൈവിധ്യങ്ങളെ കണ്ണിചേര്‍ക്കാന്‍ നമുക്ക് സാധിക്കണം.. പ്രിയ രാധാകൃഷ്ണന് സര് നിങ്ങള്‍ക്കുണ്ടായ പ്രയാസത്തിന് മാപ്പ്.. മാപ്പ്..മാപ്പ്
Discussion about this post