തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സര്‍ക്കാറിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറി
വിജയിയെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 25 കോടി രൂപ നേടിയത് ടിഇ 230662 എന്ന് ടിക്കറ്റിനാണ്. ഒന്നാം സമ്മാനമടിച്ചത് കോഴിക്കോട്ടെ ബാവ ഏജന്‍സി വിറ്റ ടിക്കറ്റിനാണ്. സമ്മാനാര്‍ഹമായ ടിക്കറ്റ് വിറ്റത് പാലക്കാട്ടെ സബ് ഏജന്‍സിയാണെന്നും ബാവ ഏജന്‍സി അറിയിച്ചു.
ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ഗോര്‍ക്കിഭവനില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ബംപര്‍ നറുക്കെടുത്തത്. ജൂലൈ 27 ന് ആരംഭിച്ച ഓണം ബംബര്‍ നറുക്കെടുപ്പിന്റെ സമയം വരെ റെക്കോര്‍ഡ് വില്‍പ്പനയായിരുന്നു. 500 രൂപയാണ് ടിക്കറ്റിന്റെ വില. നാല് ഘട്ടങ്ങളിലായി 80 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിട്ടുള്ളത്.
ഒന്നാം സമ്മാനത്തിന് പുറമെ രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും. മൂന്നാം സമ്മാനം 50 ലക്ഷം വീതം 20 പേര്‍ക്കും നാലാം സമ്മാനം അഞ്ച് ലക്ഷം വീതം 10 പേര്‍ക്കും ലഭിക്കും. അഞ്ചാം സമ്മാനം രണ്ട് ലക്ഷം വീതം 10 പേര്‍ക്കാണ്. 5000, 2000, 1000, 500 രൂപയുടെ സമ്മാനങ്ങളും ഉണ്ട്. ആകെ 534670 സമ്മാനമാണ് ഇത്തവണയുള്ളത്. കഴിഞ്ഞ തവണത്തേക്കാള്‍ 136759 സമ്മാനങ്ങളാണ് ഇക്കുറി കൂടുതലുള്ളത്.