തൃശ്ശൂർ: പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചെന്ന് കാണിച്ച് തൃശ്ശൂരിൽ എസ്‌ഐയ്ക്ക് എതിരെ കള്ളക്കേസ് ചമച്ച സിഐയ്ക്ക് സസ്‌പെൻഷൻ. നെടുപുഴ സിഐ ജി ദിലീപ് കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. എഡിജിപി എംആർ അജിത് കുമാറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ക്രൈംബ്രാഞ്ച് എസ്‌ഐ ടിആർ ആമോദ് പൊതുസ്ഥലത്ത് മദ്യപിച്ചെന്ന പേരിൽ നെടുപുഴ സിഐ ടിജി ദിലീപ്കുമാർ കള്ളക്കേസ് എടുക്കുകയായിരുന്നു. ആമോദിന്റെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ സിഐ കള്ളക്കേസ് എടുത്തതാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് നടപടി നേരിട്ട എസ്‌ഐ ടിആർ ആമോദിനെ കഴിഞ്ഞദിവസം സർവീസിൽ തിരിച്ചെടുത്തു. ഇതിന് പിന്നാലെയാണ് സിഐയ്‌ക്കെതിരേ നടപടിയെടുത്തിരിക്കുന്നത്.
കേസെടുത്ത അന്നുതന്നെ എസ്‌ഐ മദ്യപിച്ചിരുന്നില്ലെന്ന് ലഭിച്ച രക്തപരിശോധനാ റിപ്പോർട്ടിലുണ്ടായിരുന്നു. തുടർന്ന് സംസ്ഥാന ഇന്റലിജൻറ്സും ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ചും നടത്തിയ അന്വേഷണത്തിലും എസ്‌ഐയ്‌ക്കെതിരേയുള്ള കേസ് കള്ളക്കേസാണ് എന്ന് തെളിഞ്ഞിരുന്നു.
ജൂലായ് 30നായിരുന്നു പ്രശ്‌നങ്ങൾക്ക് തുടക്കമിട്ട സംഭവം. അവധി ദിവസം വീടിനടുത്തുള്ള കടയിലെത്തിയ എസ്‌ഐ ആമോദ് ഫോൺ വിളിക്കാനായി സമീപത്തെ ഒഴിഞ്ഞ മരക്കമ്പനി വളപ്പിലേക്ക് കയറി നിന്നിരുന്നു. ആ സമയത്ത് സിഐ അവിടെയെത്തി മരക്കമ്പനിക്കുള്ളിൽക്കയറി നടത്തിയ പരിശോധനയിൽ അവിടെ മദ്യക്കുപ്പികൾ കണ്ടെത്തി.
മദ്യപിച്ചത് ആമോദാണെന്ന് എഴുതി ചേർത്താണ് പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസ് എടുത്തത്. അതേസമയം, സ്വകാര്യ മിൽ ആയതിനാൽ ഇത് പൊതുസ്ഥലമെന്ന ഗണത്തിൽ വരുന്നില്ല. മാത്രമല്ല, മദ്യവും മറ്റും ഒരുക്കിയിരുന്നത് എസ്‌ഐ അല്ലെന്നും വ്യക്തമായിരുന്നു.
ആമോദിന്റെ വാദങ്ങൾ കേൾക്കാതെ സിഐ വൈകീട്ട് ആറേകാലോടെ കസ്റ്റഡിയിലെടുത്ത എസ്‌ഐയെ രാത്രി പത്തേകാൽ വരെ സ്റ്റേഷനിൽ ഇരുത്തി. സംഭവസ്ഥലത്തുനിന്ന് തയ്യാറാക്കേണ്ട സീഷർമഹസർ സ്റ്റേഷനിൽ എത്തിയാണ് തയ്യാറാക്കിയത്.
എസ്‌ഐയുടെ നിരപരാധിത്വം തെളിയിക്കാനുള്ള വാദങ്ങളൊന്നും പരിഗണിക്കാതെയാണ് കേസെടുത്തത്. പിന്നാലെ സസ്പെൻഷനുമെത്തി. തുടർന്നാണ് ആമോദ് പോലീസിലെ ഉന്നതർക്കും മുഖ്യമന്ത്രിക്കും പോലീസ് കംപ്‌ളയിന്റ് അതോറിട്ടിക്കും നൽകിയ പരാതി നൽകിയത്.